കണ്ണിറുക്കുന്ന താരമായല്ല, നടിയായി സ്വീകരിക്കൂ : പ്രിയവാര്യര്‍

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് പ്രിയാ വാര്യര്‍. ചിത്രത്തിലെ ഗാനരംഗത്തിലെ കണ്ണുചിമ്മലാണ് പ്രിയയ്ക്ക് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ദേശീയമാധ്യമങ്ങളിലടക്കം പ്രിയ ‘കണ്ണിറുക്കലല്‍ താരമായി’ അറിയപ്പെട്ടു.

കണ്ണിറുക്കുന്ന പെണ്‍കുട്ടി എന്നതിനപ്പുറം ഒരു നടിയായി തന്നെ അംഗീകരിക്കൂ എന്നാണ് പ്രിയ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജാന്‍വി കപൂര്‍, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ തുടങ്ങിയ വലിയ നടിമാരുമായി തന്നെ താരതമ്യം ചെയ്യരുതെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ പുതിയ ബോളിവുഡ് ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’.മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് ഈ ചിത്രത്തിന്റെയും കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ് സൂചന. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഇക്കാര്യം സ്ഥിരീകരിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്റെ സിനിമ ഒരു സസ്പെന്‍സ് ത്രില്ലറാണ്.ശ്രീദേവി എന്നത് പൊതുവായിട്ടുള്ള പേരാണെന്നും സിനിമയിലെ കഥാപാത്രം ഒരു നടിയാണെന്നും ബോണി കപൂറിനോട് വ്യക്തമാക്കിയെന്ന് പ്രശാന്ത് പറയുന്നു. നിയമപരമായി നേരിടുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിത്രം നടി ശ്രീദേവിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണോ എന്ന് വെളിപ്പെടുത്താന്‍ പ്രിയ വാര്യര്‍ തയ്യാറായിട്ടില്ല. ആഡംബരം , ബാത്ത് ടബ്ബിലെ മരണം… ടീസറിലെ ചിത്രീകരണം ശ്രദ്ധിച്ചാല്‍ ശ്രീദേവിയുടെ ജീവിതവുമായി സാമ്യമുള്ളതായി തോന്നും. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top