പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യയുടെ ഡെപ്യൂട്ടേഷൻ നീട്ടി. ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയയെ തെരെഞ്ഞെടുത്തത് വിവാദമായിരുന്നു.

ഒന്നാം റാങ്ക് നൽകിയെങ്കിലും ഇത് വരെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. നിലവിൽ കേരള വർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് പ്രിയ. അസോസിയേറ്റ് പ്രോഫസർ നിയമനം ലഭിച്ചാൽ പ്രിയയ്ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ നിയമനം കിട്ടും.

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടിയിരുന്നു. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഗവർണർക്ക് ലഭിച്ച പരാതി.

യുജിസി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന പട്ടികയിൽ ഒന്നാം റാങ്കാണ് പ്രിയ വർഗീസിന് ലഭിച്ചത്. ഇതിനെതിരായ പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Top