നിയമനം നിയമങ്ങള്‍ പാലിച്ചെന്ന് സുപ്രീം കോടതിയില്‍ പ്രിയ വര്‍ഗീസിന്റെ സത്യവാങ്മൂലം

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നിയമങ്ങള്‍ പാലിച്ചെന്ന് സുപ്രീം കോടതിയില്‍ പ്രിയ വര്‍ഗീസിന്റെ സത്യവാങ്മൂലം. അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ച സര്‍വകലാശാലയുടെ തീരുമാനത്തില്‍ നിയമ വിരുദ്ധതയില്ല. സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഡെപ്യൂട്ടേഷന്‍ നിയമനം അധ്യാപനത്തിന്റെ ഭാഗമാണ്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും നിയമപരമാണ്.

കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് യുജിസി, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടിയ ഡോ. ജോസഫ് സ്‌കറിയ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.യുജിസി, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടിയ ഡോ. ജോസഫ് സ്‌കറിയ എന്നിവരാണ് ഹര്‍ജിക്കാര്‍. ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ സാധുതയില്‍ നേരത്തെ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അന്തിമ വിധി വരുംവരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

സര്‍വകലാശാലയ്ക്ക് കീഴിലെ റെഗുലര്‍ സേവനം അധ്യാപക നിയമനത്തിന് തത്തുല്യമാണ്. യുജിസി ചട്ടങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഡോ. പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അധ്യാപക നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് യുജിസി നല്‍കിയ അപ്പീലിലാണ് പ്രിയ വര്‍ഗീസിന്റെ മറുപടി. ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Top