പ്രിയ വർഗ്ഗീസിന്റെ വിജയം, മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ലഭിച്ച അപ്രതീക്ഷിത തിരിച്ചടി

ടുവില്‍ അക്കാര്യത്തിലും ഇപ്പോള്‍ തീരുമാനമായിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരു തിരിച്ചടി തന്നെയാണിത്. പ്രിയയുടെ നിയമനം മുന്‍ നിര്‍ത്തി സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും എതിരെ വാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച മാധ്യമങ്ങള്‍ക്കും വലിയ പ്രഹരമാണ് ഹൈക്കോടതി ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കൊടുങ്കാറ്റു സൃഷ്ടിച്ച വിവാദമായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം. ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് ആദ്യം രംഗത്തു വന്നിരുന്നത്. പിന്നീട് ഇത് മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് വിവാദമാക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് പ്രിയ വര്‍ഗ്ഗീസ് എന്നതിനാല്‍ വലിയ രാഷ്ട്രീയ ഭൂകമ്പം തന്നെ ഈ വിഷയത്തില്‍ പിന്നീട് സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരന്‍ നിയമനം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ജോസഫ് സ്‌കറിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നേടിയെടുക്കാനും ഇതുവഴി ഹര്‍ജിക്കാരനു സാധിച്ചു. ഈ വിധി വന്നതോടെ പിണറായി സര്‍ക്കാറിനെ ‘ഭിത്തിയിലൊട്ടിക്കുന്ന’ തരത്തിലുള്ള കടന്നാക്രമണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും രാജിവയ്ക്കണമെന്നുമുള്ള ആവശ്യവും ശക്തമായി. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ ഉള്‍പ്പെടെയുള്ള സകല ഇടതുപക്ഷ വിരുദ്ധരും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയുണ്ടായി. ഇതിനു എരിവ് പകരാന്‍ ഗവര്‍ണ്ണര്‍ തന്നെ രംഗത്തു വന്നതും കേരളം കണ്ട അസാധാരണ കാഴ്ചകളായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍ക്കാറും സി.പി.എമ്മും ഏറ്റവും അധികം പ്രതിരോധത്തിലായിപ്പോയ വിഷയത്തിലാണിപ്പോള്‍ അന്തിമവിധി അനുകൂലമായിരിക്കുന്നത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലിലാണ് സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍ മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദമാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിരിക്കുന്നത്.

യുജിസി റഗുലേഷന്‍ 3.11 ഖണ്ഡികയില്‍ ‘ഏതെങ്കിലും തരത്തിലുള്ള അവധിയെടുക്കാതെ അധ്യാപന ചുമതലയ്‌ക്കൊപ്പം ഒരേസമയം ഗവേഷണബിരുദം നേടാനായി ചെലവിട്ട കാലയളവ് നേരിട്ടുള്ള നിയമനത്തിനും/പ്രൊമോഷനുമുള്ള അധ്യാപന പരിചയമായി കണക്കാക്കും’ എന്നാണ് വ്യക്തമായി പറഞ്ഞിട്ടുളളത്. ഇത് ബോധപൂര്‍വം മറച്ചുവച്ചാണ് കള്ളപ്രചാരണം നടത്തുന്നതെന്നാണ് പ്രിയയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അധ്യാപനത്തോടൊപ്പം അവധിയെടുക്കാതെയുള്ള ഗവേഷണത്തിനും യുജിസിയുടെ അനുവാദമുണ്ട്.

പ്രിയാ വര്‍ഗീസ് ലീവെടുത്തല്ല മറിച്ച് ടീച്ചര്‍ ഫെലോ എന്നനിലയില്‍ സര്‍വീസിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയതെന്നാണ് വിശദീകരണം. ഡെപ്യൂട്ടേഷന്‍ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്ന വാദം വസ്തുതാവിരുദ്ധമാണെന്നും ഡെപ്യൂട്ടേഷന്‍ കാലയളവ് പ്രൊമോഷന് കണക്കാക്കുന്നതുപോലെ നിയമനത്തിനുള്ള അധ്യാപക പരിചയമായും കണക്കാക്കുമെന്നത് യുജിസി റഗുലേഷനില്‍ വ്യക്തമാക്കിയ കാര്യവും അവര്‍ എടുത്തു പറയുന്നുണ്ട്.

2012 മാര്‍ച്ച് 14 മുതല്‍ കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വര്‍ഗീസിനു അപേക്ഷ നല്‍കുന്ന സമയത്ത് ഒമ്പതര വര്‍ഷത്തിലേറെയുള്ള പരിചയമുണ്ട്. കൂടാതെ 2001 മുതല്‍ 2003 വരെ, കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിഎഡ് സെന്ററില്‍നിന്നുള്ള രണ്ടു വര്‍ഷത്തെ അധ്യാപന പരിചയവും ഉണ്ട്. യുജിസി മാനദണ്ഡമനുസരിച്ചാകട്ടെ എട്ടു വര്‍ഷം മാത്രമാണ് യോഗ്യത വേണ്ടത്. കണക്കനുസരിച്ച് പ്രിയ വര്‍ഗ്ഗീസിനു 11 വര്‍ഷത്തിലേറെയാണ് അധ്യാപന പരിചയമുളളത്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് ഡിവിഷന്‍ ബെഞ്ച് വിധി പ്രിയ വര്‍ഗ്ഗീസിനു അനുകൂലമാകാന്‍ കാരണമായിരിക്കുന്നത്.

അതേസമയം ‘കോളേജില്‍ എന്‍എസ്എസിന്റെ ചുമതല വഹിച്ച പ്രിയയെ, കുഴിവെട്ടുകാരിയായി ചിത്രീകരിച്ച’ സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം നാലു കോളത്തില്‍ ഒന്നാം പേജ് വാര്‍ത്തയാക്കാന്‍ മത്സരിച്ച മാമാ മാധ്യമങ്ങളും ആ പരാമര്‍ശം മുന്‍ നിര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ ചര്‍ച്ചകളുടെ പരമ്പര സൃഷ്ടിച്ചവരും. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയെ ‘പ്രിയ വര്‍ഗ്ഗീസിനു ആശ്വാസം’ എന്നു മാത്രം പറഞ്ഞാണ് ഇപ്പോള്‍ ഒതുക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഇതിനകം തന്നെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധിയില്‍, മാധ്യമങ്ങളുടെ ഇത്തരം തെറ്റായ പ്രവണതകളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന വേളയില്‍ ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ എടുത്ത് അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തുന്ന മാധ്യമങ്ങള്‍ കക്ഷികളുടെ മാന്യതയ്ക്കും യശസ്സിനും ഉണ്ടാക്കുന്ന ആഘാതം കാണാതിരിയ്ക്കാനാവില്ലെന്നാണ് കോടതി പോലും തുറന്നടിച്ചിരിക്കുന്നത്. കേസ് ജയിച്ചാല്‍ പോലും ഇതിന്റെ ദോഷം മാറില്ലെന്നും ഈ വിധി ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇതു പോലൊരു പ്രഹരം അടുത്ത കാലത്തൊന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് എന്തും പറയാമെന്നും അതു മാത്രമാണ് ശരിയെന്നും അതെല്ലാം മറ്റുളളവര്‍ വിശ്വസിച്ചു കൊള്ളണമെന്നുമുള്ള, ഒരുവിഭാഗം മാധ്യമങ്ങളുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധിയെ തീര്‍ച്ചയായും വിലയിരുത്താവുന്നതാണ്.

EXPRESS KERALA VIEW

Top