സജീവ രാഷ്ട്രീയത്തിന് ഇടവേള; ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രിയാ ദത്ത്

മുംബൈ: ഇത്തവണ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് എം.പി പ്രിയ ദത്ത്. രാഷ്ട്രീയ ബാധ്യതകള്‍ ജീവിതത്തില്‍ പല നഷ്ടങ്ങളും ഉണ്ടാക്കിയെന്നും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ വളരെ കഷ്ടപ്പെട്ടുവെന്നും അതിനാല്‍ തന്നെ താന്‍ രാഷ്ട്രീയ ജീവിതം തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുകയാണെന്നും ഈ വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ഇല്ലെന്നുമാണ് നടന്‍ സുനില്‍ ദത്തിന്റെ മകള്‍ കൂടിയായ പ്രിയാ ദത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

തന്റെ മണ്ഡലത്തിനു വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. വളരെ സത്യസന്ധമായി അവരുടെ പ്രാതിനിധ്യം വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുക എന്നിവയൊക്കെയാണ് ജനങ്ങളെ സേവിക്കുന്നതിനുള്ള ഏക മാര്‍ഗമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സജീവ രാഷ്ട്രീയത്തിന് ഇടവേള നല്‍കുകയാണെന്നും അവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

പിതാവ് സുനില്‍ ദത്തിന്റെ പിന്‍ഗാമിയായി 2005ലാണ് പ്രിയ ദത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. നോര്‍ത്ത് സെന്‍ട്രല്‍ മുംബൈ മണ്ഡലത്തില്‍ നിന്ന് മൂന്ന് പൊതു തെരഞ്ഞെടുപ്പുകളെ നേരിട്ട പ്രിയ ദത്തിനെ 2014ല്‍ പൂനം മഹാജന്‍ പരാജയപ്പെടുത്തുകയായിരുന്നു.

Top