സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തക വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ധാക്ക: ബംഗ്ലാദേശില്‍ സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തക വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആനന്ദ ടിവി എന്ന സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുബര്‍ണ നോദിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ആക്രമണം നടത്തിയത് ആരാണന്ന് തിരിച്ചറിയാനായിട്ടില്ല. ബംഗ്ലാദേശിലുള്ള പബ്ല ജില്ലയിലാണ് സുബര്‍ണ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രി 10.45 ന് പത്തിലധികമുള്ള അക്രമിസംഘം സുബര്‍ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് സുബര്‍ണ വാതില്‍ തുറന്നതോടെ അക്രമികള്‍ യുവതിയെ വെട്ടി. പ്രദേശവാസികള്‍ ഉടന്‍തന്നെ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ആനന്ദ ടിവിയിലെ ജോലിക്ക് പുറമേ ജാഗ്രതോ ബംഗ്ലാ എന്ന പത്രത്തിലും സുബര്‍ണ ജോലി ചെയ്തിരുന്നു. സുബര്‍ണയുടെ കൊലപാതകത്തിനെതിരെ ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top