സ്വകാര്യവത്കരണം; കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍ രംഗത്ത്

ന്യൂഡല്‍ഹി: ആസ്തി വിറ്റഴിക്കലിലൂടെ ധനസമാഹരണം ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ബിഎസ്എന്‍എല്ലില്‍ പടയൊരുക്കം. 2.86 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല യും 14917 മൊബൈല്‍ ടവറുകളും വില്‍ക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭാരത് നെറ്റ് പ്രൊജക്ടിന് കീഴിലാണ് ഫൈബര്‍ ശൃംഖല സ്ഥാപിച്ചത്. ബിഎസ്എന്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംടിഎന്‍എല്ലിന്റേതാണ് 14917 ടവറുകള്‍. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കുറ്റപ്പെടുത്തുന്നു.

ഇപ്പോഴത്തെ നീക്കം അനുവദിച്ചാല്‍ അടുത്തതായി കേന്ദ്രം ഏഴ് ലക്ഷം കിലോമീറ്റര്‍ നീളമുള്ള ഒപ്റ്റിക് ഫൈബര്‍ വില്‍ക്കും. ആസ്തികളുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ അധിഷ്ഠിതമായിരിക്കുമെന്ന വിശദീകരണം പഞ്ചസാരയില്‍ പൊതിഞ്ഞ വിഷമാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

ടവറുകള്‍ വില്‍ക്കാനുള്ള നീക്കം എംടിഎന്‍എല്ലിന്റെയും ബിഎസ്എന്‍എല്ലിന്റെയും തകര്‍ച്ചയ്ക്ക് കാരണമാകും. ബിഎസ്എന്‍എല്ലിന് 4ജി സേവനം അനുവദിക്കുന്നതിന് മോദി സര്‍ക്കാര്‍ തടസം നിന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും രാജ്യത്തിന്റെ ആസ്തികള്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Top