സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാകുമ്പോഴും ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

saudi indian people

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണം ശക്തമാകുമ്പോഴും ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 95,000 വിദേശികളാണ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഈ കാലയളവില്‍ തന്നെ ഇന്ത്യക്കാരുടെ എണ്ണം 7 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

സൗദി സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ രാജ്യത്ത് ഉണ്ടായിരുന്നത് ഒരു കോടി എട്ട് ലക്ഷം വിദേശികളാണ്. എന്നാല്‍ ജൂലൈ-സെപ്റ്റംബര്‍ മാസത്തോടെ ഒരു കോടി ആറു ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 2.14 ലക്ഷം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കണക്കുകളനുസരിച്ച് 30,39,193 ഇന്ത്യക്കാരാണ് സൗദിയിലുണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ ഇന്ത്യക്കാരുടെ എണ്ണം 32,53,901 ആയി ഉയര്‍ന്നു. ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, ജൂവലറി, റെന്റ് എ കാര്‍, ഷോപ്പിങ് മാള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമാണ്. ഇതിനു പിന്നാലെയാണ് സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖത്ത് കൂടുതല്‍ കര്‍ശനമാക്കിയത്. തുടര്‍ന്ന് നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയും ചെയ്തിരുന്നു.

Top