ബാറില്‍ വച്ച് സ്വകാര്യ അവയവം പ്രദർശിപ്പിച്ചു; സിറ്റി താരം കെയ്ല്‍ വാക്കർക്കെതിരെ വിവാദ വീഡിയോ

മാഞ്ചസ്റ്റർ: ബാറില്‍ വച്ച് സ്വകാര്യ അവയവം കാട്ടിയെന്നും സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ സ്‍പർശിച്ചെന്നുമുള്ള ആരോപണങ്ങളില്‍ പുലിവാല്‍ പിടിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം കെയ്ല്‍ വാക്കർ. സംഭവത്തിന്റെ വീഡിയോ ദ് സണ്‍ പുറത്തുവിട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചതായും ദ് സണിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട് കോം റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ബാറില്‍ കെയ്‍ല്‍ വാക്കർ എത്തിയപ്പോഴാണ് വിവാദ സംഭവം എന്നാണ് റിപ്പോർട്ട്. മദ്യപാനത്തിനിടെ തന്റെ വസ്ത്രം താഴ്ത്തി താരം സ്വകാര്യഭാഗം സ്ത്രീകള്‍ക്ക് മുമ്പില്‍ പ്രദർശിപ്പിച്ചു എന്നാണ് ഒരു ആരോപണം. ഇതിന് പുറമെ ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ നിരവധി തവണ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തതായി ദ് സണ്ണിന്റെ റിപ്പോർട്ടില്‍ പറയുന്നു. ഇത് വാക്കറുടെ ഭാര്യയല്ല എന്നും റിപ്പോർട്ടിലുണ്ട്. വിവാദ വീഡിയോ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. 2020 ഏപ്രിലില്‍ കൊവിഡ് ലോക്ക്ഡൌണിനിടെ വീട്ടില്‍ സെക്സ് പാർട്ടി നടത്തി എന്ന ആരോപണത്തില്‍ വാക്കർ കുടുങ്ങിയിരുന്നു. പിന്നീട് താരം മാപ്പ് പറയുകയും ചെയ്തിരുന്നു.

ന്യൂകാസില്‍ യുണൈറ്റഡിന് എതിരായ വിജയത്തിന് ശേഷം സിറ്റി താരങ്ങള്‍ക്ക് രണ്ട് ദിവസത്തെ ഇടവേള പരിശീലകന്‍ പെപ് ഗ്വാർഡിയോള അനുവദിച്ചിരുന്നു. ശനിയാഴ്ച ക്രിസ്റ്റല്‍ പാലസിനെ നേരിടും വരെ സിറ്റിക്ക് മത്സരങ്ങളൊന്നുമില്ല. സിറ്റിയുടെ താരങ്ങള്‍ വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവർക്കെതിരെ 2021 ഡിസംബറില്‍ ഗ്വാർഡിയോള നടപടിയെടുത്തിരുന്നു. നിലവിലെ വിവാദങ്ങളുടെ പേരില്‍ വാക്കർക്കെതിരെ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

Top