എയര്‍ ഇന്ത്യയില്‍ കണ്ണുംനട്ട് സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍

air-india

മുംബൈ: എയര്‍ ഇന്ത്യയുടെ ബിസിനസുകള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളായ കെകെആര്‍ ആന്‍ഡ് കോയും വാര്‍ബഗ് പിന്‍കസും രംഗത്ത്.

ജൂണില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ വിശദാംശങ്ങള്‍ രണ്ട് കമ്പനികളും ആവശ്യപ്പെട്ടുവെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യയുടെ ബിസിനസുകള്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടു (പിഇ ഫണ്ട്) കള്‍ക്ക് ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണെന്നും ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടായാല്‍ ഇക്കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നുമാണ് ഇരു കമ്പനികളോടും അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മാര്‍ച്ച് 31ലെ കണക്കനുസരിച്ച് എയര്‍ ഇന്ത്യയുടെ ആകെ കടബാധ്യത 48,876.81 കോടി രൂപയാണ്. ഈ വായ്പാ ബാധ്യതയുടെ ഒരു ഭാഗം സര്‍ക്കാര്‍ എഴുതിത്തള്ളുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ഇതിനൊപ്പം കമ്പനിയുടെ ലാഭകരമായ അന്താരാഷ്ട്ര റൂട്ടുകള്‍ കൂടി കണക്കിലെടുത്ത് രണ്ട് ഗ്രൂപ്പുകള്‍ നേരത്തെ തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന് കീഴിലുള്ള ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡും വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എയര്‍ലൈനുകളുടെ പങ്കാളികളായ ടാറ്റ ഗ്രൂപ്പുമാണ് രംഗത്തെത്തിയിരുന്നത്.

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കൊപ്പം ബജറ്റ് സര്‍വീസ് വിഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഏറ്റെടുക്കാനും താല്‍പര്യമുണ്ടെന്ന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിനോട് അനൗദ്യോഗികമായി ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച തേടിയിരുന്നു.

വ്യോമയാന രംഗത്തെ വിദേശ നിക്ഷേ നയം സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാറ്റിയിരുന്നു. അതിനാലാണ് വിദേശ നിക്ഷേപകര്‍ എയര്‍ ഇന്ത്യയില്‍ താല്‍പര്യവുമായെത്തിയിരിക്കുന്നത്.

വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമായിക്കഴിഞ്ഞാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആഗോള ഫണ്ടുകള്‍ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യവുമായി മുന്നോട്ടെത്തുമെന്നാണ് വിലയിരുത്തല്‍.

Top