Private bus strike in kasargod

കാസര്‍കോട്: റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കാസര്‍കോട് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. സീതാംഗോളി റൂട്ടില്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്തുന്നതോടൊപ്പം ബസ് സ്റ്റാന്‍ഡ് യാര്‍ഡ് ബഹിഷ്‌ക്കരിക്കുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.

തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്തതില്‍ ഇവര്‍ നേരത്തേ പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിദ്യാനഗര്‍ സീതാംഗോളി റൂട്ടില്‍ ജൂലൈ 15 മുതല്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതോടൊപ്പം പുതിയ ബസ് സ്റ്റാന്‍ഡ് ബഹിഷ്‌ക്കരിക്കാനുമാണ് ബസുടമകളുടെ തീരുമാനം.

ലക്ഷങ്ങള്‍ ചെലവഴിച്ച് ഇന്റര്‍ലോക്ക് പാകി അറ്റകുറ്റ പണി നടത്തിയെങ്കിലും ബസ് സ്റ്റാന്റിനകത്ത് ടാറിങ് പ്രവര്‍ത്തികള്‍ നടത്താത്തത് വന്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമായി.

വിദ്യാനഗര്‍ മുതല്‍ സീതാംഗോളി വരെ റോഡ് പൂര്‍ണമായും തകര്‍ന്ന് ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുളളത്. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.

താല്‍ക്കാലികമായെങ്കിലും ബസ് സര്‍വ്വീസ് നടത്താന്‍ ഉതകുന്ന തരത്തില്‍ റോഡില്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.

Top