ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒരുമാസം കഴിഞ്ഞും പാലിക്കാത്തതിനാല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിലായിരുന്നു ബസ് ഉടമകളുടെ പ്രധാന വിയോജിപ്പ്. കണ്‍സഷന്‍ ഇളവിനായി ഒന്നുകില്‍ ടാക്‌സ് ഇളവ് നല്‍കുകയോ അല്ലെങ്കില്‍ ഡീസല്‍ സബ്‌സിഡി നല്‍കുകയോ വേണമെന്നായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് വ്യക്തമാക്കി. എന്നിട്ടും പരിഗണിച്ചില്ല. ഇനിയും പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സമരം തുടങ്ങുമെന്ന് ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി.

ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും തങ്ങളുടെ ആവശ്യം അംഗീകരിച്ചതാണെന്നും എന്നിട്ടും സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധനയ്‌ക്ക് തയ്യാറായില്ലെന്നും ഒരുമാസത്തിനകം പരിഹാരമുണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടും ചാര്‍ജ് വര്‍ദ്ധനയ്‌ക്ക് സര്‍ക്കാര്‍ തയ്യാറായില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു.

Top