കണ്‍സഷന്‍ ചോദിച്ചു; വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നതിന് തൊട്ടു പിന്നാലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമവുമായി സ്വകാര്യബസ് ജീവനക്കാര്‍. ആറ്റിങ്ങല്‍ മേഖലയില്‍ വിദ്യാര്‍ഥിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കിവിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയായ എം.എസ്.അഭിരാമിയെയാണ് വഴിയിലിറക്കിവിട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കായികതാരമായ അഭിരാമി സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠനവും കായികപരിശീലനവും നടത്തുന്നത്.സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടതിനെത്തുടര്‍ന്ന് ഒരുമണിക്ക് വെഞ്ഞാറമൂട്ടില്‍നിന്ന് ആറ്റിങ്ങലിലേക്കുവരാനായി അശ്വനി എന്ന സ്വകാര്യബസിലാണ് അഭിരാമി കയറിയത്. കണ്‍സഷന്‍ നിരക്കായ മൂന്നുരൂപയാണ് അഭിരാമി നല്കിയത്. യൂണിഫോമും തിരിച്ചറിയല്‍കാര്‍ഡുമില്ലാതെ കണ്‍സഷന്‍ നല്കാനാവില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ എട്ടുരൂപ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ പ്രവേശനം കിട്ടിയതെന്നും യൂണിഫോമും തിരിച്ചറിയില്‍ കാര്‍ഡും ലഭിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും കണ്ടക്ടര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തന്റെ കൈവശം കൂടുതല്‍ പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കുട്ടിക്ക് കണ്‍സഷന്‍ നല്കാന്‍ തയ്യാറായില്ല. മൂന്നുരൂപവാങ്ങിയ കണ്ടക്ടര്‍ കുട്ടിയെ ബസിനുള്ളില്‍ അധിക്ഷേപിക്കുകയും വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു.

ശക്തമായ മഴയില്‍ വഴിയില്‍ വഴിയിലിറക്കി വിട്ട കുട്ടി വിഷമിച്ചുനില്ക്കുന്നത് കണ്ട് നാട്ടുകാര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും അവരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെത്തിയ അഭിരാമി ബസ് ജീവനക്കാര്‍ക്കെതിരേ പരാതി നല്കി. വെഞ്ഞാറമൂട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നും അതുകൊണ്ട് പരാതി വെഞ്ഞാറമൂട് പോലീസിന് കൈമാറിയതായും ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Top