സ്വകാര്യതാ നയം; വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി

facebook, Whatsapp

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇടക്കാല സ്റ്റേ വേണമെന്ന ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും ആവശ്യം കോടതി നിരസിച്ചു. നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സിജിഐ ഡയറക്ടര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്സ്ആപ്പിന് നല്‍കിയ നോട്ടിസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാട്സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നതില്‍ സുതാര്യതയില്ലെന്ന് വ്യക്തമാക്കിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ജൂണ്‍ നാലിന് സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്സ്ആപ്പിന് നോട്ടിസ് നല്‍കി. സ്വകാര്യത നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടിസ്. ഈ നടപടിക്കെതിരെയാണ് വാട്സ്ആപ്പും ഫേസ്ബുക്കും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്

അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ നോട്ടിസ് സ്റ്റേ ചെയ്യുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് അനുപ് ജയ്‌റാം ഭംഭാനി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, അന്വേഷണം ജുഡീഷ്യല്‍ പരിശോധനയിലാണെന്ന കാര്യം സിജിഐ ഡയറക്ടര്‍ ജനറലിന്റെ മനസിലുണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു.

Top