സ്വകാര്യത അവകാശമാണ്; എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി. സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. എച്ച്.ഐ.വി ബാധിതനായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങള്‍ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവില്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിര്‍ദേശമില്ല. പുതിയ മാര്‍ഗനിര്‍ദേശം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഹര്‍ജിക്കാരന് ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി അടുത്തമാസം മൂന്നിന് പരിഗണിക്കാന്‍ മാറ്റി. എച്ച്‌ഐവി ബാധിതര്‍ക്കുള്ള സഹായം ലഭ്യമാക്കണമെങ്കില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ കൈമാറണം. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്.

Top