പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; ആരോഗ്യനില തൃപ്തികരം

കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.’വിലായത്ത് ബുദ്ധ’ അന്തരിച്ച സംവിധായകന്‍ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Top