പൃഥ്വിരാജിന്റെ ‘കടുവ’ തമിഴില്‍; മൊഴിമാറ്റി പ്രദര്‍ശനത്തിന് മാർച്ചിൽ എത്തും

ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ‘കടുവ’. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വൻ പ്രതികരണമാണ് പൃഥ്വിരാജ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിത് ‘കടുവ’ തമിഴിലും റിലീസാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

വിവേക് ഒബ്‍റോയ് വില്ലനായി അഭിനയിച്ച ചിത്രം മാര്‍ച്ച് മൂന്നിനാണ് തമിഴില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുക. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജിന്റെ ‘കടുവ’ ബോക്സ് ഓഫീസില്‍ 50 കോടിയിലധികം കളക്റ്റ് ചെയ്‍തിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ‘ആദം ജോണി’ന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ‘കടുവക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്.

Top