പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം ‘നയന്‍’ ; റിലീസ് തിയതി പുറത്തുവിട്ടു

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം അടുത്തവര്‍ഷം ഫെബ്രുവരി 7ന് തീയേറ്ററുകളിലെത്തും. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം പുറത്തുവിട്ടത്.

കോട്ടയം രാമപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ആരംഭിച്ചത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, സുപ്രിയ എന്നിവരും ലൊക്കേഷനില്‍ എത്തിയിരുന്നു. സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വി തന്നെയാണ് നായകന്‍.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ച പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി, ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേര്‍സ് കൈകോര്‍ക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്‌ചേര്‍സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നു. സിനിമയിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.

Top