എമ്പുരാനൊരുക്കാൻ കാത്തിരിക്കുന്നു; മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് പൃഥ്വിരാജ്

ലയാളം കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് കഴിഞ്ഞ വർഷം സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ. മലയാളത്തിലെ ആദ്യത്തെ ഇരുന്നൂറ്കോടി കളക്ഷൻ നേടുന്ന ചിത്രം എന്ന ഖ്യാതിയും ചിത്രം നേടിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ലൂസിഫർ തിരക്കഥാകൃത്ത് മുരളി ഗോപി ആയിരുന്നു.

ലോകം മുഴുക്കെയുള്ള ആരാധകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ കഴിഞ്ഞ വർഷം അവസാനത്തിൽ എമ്പുരാൻ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു എന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടിരുന്നു. ഇന്നിപ്പോൾ ചിത്രത്തിന്റെ തിരക്കഥ രചനയുമായി ബന്ധപ്പെട്ട സന്തോഷ വാർത്ത സംവിധായാകനായ പൃഥ്വി തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

എമ്പുരാന്റെ തിരക്കഥ ഓരോ ഘട്ടങ്ങളിലും ദിവസേന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നും ചിത്രമൊരുക്കാൻ താൻ കാത്തിരിക്കുകയാണ് ഒരു ആരാധകനായും സംവിധായകനായും എന്ന് മുരളീ ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്തു തന്നെയായാലും മലയാളം കണ്ട എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി ആരാധകരും സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Top