ഇൻവെസ്റ്റിഗേഷൻ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ

വീണ്ടും കാക്കിയണിയാനൊരുങ്ങി സൂപ്പർതാരം പൃഥ്വിരാജ്. നവാഗതനായ തനു ബാലക്കിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലാണ് പൃഥ്വിരാജ് പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് ലോക് ഡൗണിന് ശേഷം ഒരുങ്ങുന്ന ആദ്യ പൃഥ്വിരാജ് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

സംവിധായകനായ തനു ജയരാജിന്റെ ഓഫ് ദ പീപ്പിൾ, ഡി ട്രെയിൻ എന്നീ സിനിമകൾക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ശ്രീനാഥ് വി നാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. യഥാർത്ഥ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും ചിത്രീകരിക്കുക.

പൃഥ്വിരാജിന്റെ കൂടുതൽ രംഗങ്ങളും ഇൻഡോർ ആയിരിക്കുമെന്നും ജനക്കൂട്ടം അടങ്ങുന്ന രംഗങ്ങൾ വളരെ കുറച്ചാണ് ഉള്ളതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

കൊറോണയുടെ പ്രാരംഭ ഘട്ടത്തിൽ ജോർദാനിൽ ചിത്രീകരണം പൂർത്തിയാക്കിയ ആടുജീവിതവും, നവാഗതനായ ഗോകുൽ രാജ് ഒരുക്കുന്ന മിത്തോളജി ചിത്രവുമാണ് പൃഥ്വിരാജിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

Top