‘കാന്താര’ മലയാളത്തിലേക്ക്, തിയേറ്ററുകളിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

ഭിനയം, സംവിധാനം, നിര്‍മ്മാണം എന്നതിനൊപ്പം ചലച്ചിത്ര വിതരണത്തിലും പൃഥ്വിരാജ് സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കെജിഎഫ് 2 പോലെ പല പ്രധാന ഇതരഭാഷാ ചിത്രങ്ങളും കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കന്നഡയില്‍ നിന്ന് സമീപകാലത്ത് ശ്രദ്ധ നേടിയ മറ്റൊരു ചിത്രം കൂടി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താരാ’ എന്ന ചിത്രമാണ് പൃഥ്വിരാജ് കേരളത്തില്‍ എത്തിക്കുന്നത്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. മലയാളം പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ 30 ന് ആണ് കന്നഡ പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്.

 

Top