പൃഥ്വിരാജിന്റെ 9 റിലീസിന് ഒരുങ്ങുന്നു ; ട്രെയ്‌ലര്‍ ജനുവരി 9ന് പുറത്തുവിടും

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 9 ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ജനുവരി 9ന് പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9ല്‍ മംമ്താ മോഹന്‍ദാസാണ് നായികയായെത്തുന്നത്. 9 ല്‍ ആനിയായി മംമ്ത എത്തുന്ന വിവരം പൃഥ്വി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഗോദ എന്ന ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായി എത്തിയ വാമിഖ ഗബ്ബിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വിട്ട് പൃഥ്വിരാജ് ഭാര്യ സുപ്രിയയ്‌ക്കൊപ്പം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഒരു ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തു വിട്ടിരുന്നു. ഹൊറര്‍ മൂഡ് നല്‍കുന്ന ഫിക്ഷന്‍ ചിത്രമാണ് ഫസ്റ്റ്‌ലുക്ക് സൂചിപ്പിക്കുന്നത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ച്ചയായിരിക്കും 9 എന്ന് താരം മുന്‍പ് പറഞ്ഞിരുന്നു.

കോട്ടയം രാമപുരത്തായിരുന്നു 9 ന്റെ ആദ്യ ഷൂട്ടിംഗ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഷാന്‍ റഹ്മാന്‍ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. ഫോര്‍വീല്‍ ഡ്രൈവ് വിന്റേജ് ജീപ്പിനൊപ്പം ഒരു ടെന്റും ഹിമാലയവും നിറഞ്ഞു നില്‍ക്കുന്ന ചിത്രം നേരത്തെ പൃഥ്വി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ചിത്രത്തിനൊപ്പം തിരശ്ശീല ഒരു കെട്ടുകഥ പോലെ തോന്നുമ്‌ബോള്‍ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

Top