മനുഷ്യശരീരത്തിന്റെ പരിമിതികള്‍ മനസ്സിനില്ലല്ലോ; വൈറലായി പൃഥ്വിയുടെ ന്യൂ ലുക്ക്‌

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ഷൂട്ടിങ്ങിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയത്. നാട്ടില്‍ വന്നതിന് ശേഷം നടന്‍ പൃഥ്വിരാജ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്. സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തിയതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മിനി ജിം ചിത്രം. എന്നാല്‍ ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം വൈറലാവുകയാണ്.

ഷൂട്ടിന്റെ അവസാന ദിവസം തന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വണ്ണം കുറഞ്ഞിരുന്നുവെന്നും എന്നാല്‍ കൃത്യമായ വ്യായാമത്തിലൂടെ തന്റെ ശരീരത്തെ പൂര്‍വ്വസ്ഥിതിയലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണെന്നും ചിത്രം പങ്കുവെച്ച് കൊണ്ട് താരം പറയുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ ഈ പോസ്റ്റ്.

‘ആടുജീവിതത്തിന്റെ ഭാഗമായുള്ള അവസാന രംഗങ്ങള്‍ കൂടി ഷൂട്ട് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. നഗ്‌നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രംഗങ്ങളായിരുന്നു അവ. ഷൂട്ടിന്റെ അവസാന ദിവസം എന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വണ്ണം കുറഞ്ഞു. അതിനു ശേഷം ഒരുമാസത്തെ കഠിനപ്രയത്‌നം കൊണ്ട് ദാ ഇപ്പോള്‍ ഈ കാണുന്ന പരുവത്തിലെത്തി. എന്റെ ആ മെലിഞ്ഞു ശോഷിച്ച രൂപം കണ്ടിട്ടുള്ള ക്രൂ അംഗങ്ങള്‍ക്ക് അത്ഭുതമാകും ഇപ്പോഴുള്ള എന്നെ കണ്ടാല്‍.ആ ദിവസത്തിനു ശേഷം എന്റെ ശരീരവും ആരോഗ്യവും പൂര്വസ്ഥിതിയിലാവും വരെ കാത്തിരുന്ന എന്റെ ട്രെയ്‌നര്‍ അജിത് ബാബുവിനും ഷൂട്ട് അതിനനുസരിച്ച് പ്ലാന്‍ ചെയ്തതിന് ബ്ലെസി ചേട്ടനും ഒരുപാട് നന്ദി.. ഓര്‍മ്മിക്കുക.. മനുഷ്യശരീരത്തിന് പരിമിതികളുണ്ട്. മനുഷ്യമനസ്സിനില്ലല്ലോ.’താരം കുറിച്ചു.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായാണ് സംവിധായകനും നായകനുമുള്‍പ്പടെ 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലെത്തിയത്. കൊറോണ വ്യാപനത്തെതുടര്‍ന്ന് രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Top