സച്ചിക്ക് അന്തിമോപചാരം അര്‍പ്പിച്ച് പ്രമുഖര്‍; വികാരഭരിതനായി പൃഥ്വി

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിക്ക് അന്തിമോപചാരം അര്‍പ്പിച്ച് ബന്ധുക്കളും സുഹൃത്തുക്കളും. കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംമ്പറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേരാണ് സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഭൗതികദേഹം തമ്മനത്തെ വസതിയില്‍ കൊണ്ടുവരുന്നതിനു മുമ്പേ പൃഥ്വി അവിടെ എത്തിയിരുന്നു. പൃഥ്വിരാജിന് ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സംവിധായകന്‍ സേതു, ലാല്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി. തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനം നടക്കുകയാണ്. മൂന്നുമണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുന്നത്.

Top