ദിലീപിനെതിരായ ‘സിംഹം’ പ്രിഥ്വിരാജ്, വിജയ ബാബുവിനു മുന്നിൽ ‘പൂച്ച’

താരസംഘടനയായ അമ്മയിൽ ഭിന്നത ശക്തമാകുന്നു. മോഹൻലാൽ നേതൃത്വം നൽകുന്ന ഭരണ സമിതിക്കെതിരെയാണ് ശക്തമായ എതിർപ്പുയർന്നിരിക്കുന്നത്. ലാലിൻ്റെ അടുത്ത സുഹൃത്തായ കെ.ബി ഗണേശ് കുമാറാണ് പുതിയ ചേരി ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബുവിനെ തെറിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. പ്രധാന സിനിമാ താരമല്ലാതിരുന്നിട്ടും ഇടവേള ബാബു ജനറൽ സെക്രട്ടറിയായത് മോഹൻലാലിനെ പ്രീതിപ്പെടുത്തിയത് കൊണ്ടാണെന്നാണ് ഇടവേള വിരുദ്ധർ പറയുന്നത്. വിജയ് ബാബുവിനെ ‘അമ്മ’ യോഗത്തിലേക്ക് ആനയച്ചതും ഇടവേളയാണെന്നാണ് ആക്ഷേപം. വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കണമെന്ന ആവശ്യം നടിമാർക്കിടയിലും ശക്തമാണ്. ഇവരാരും തന്നെ ഡബ്യൂസിസിയെ പിന്തുണയ്ക്കുന്നവരല്ലന്നതും ശ്രദ്ധേയമാണ്. ദിലീപിന് ഒരു നീതി വിജയ് ബാബുവിന് മറ്റൊരു നീതിയെന്നത് അംഗീകരിക്കാൻ കഴിയില്ലന്നതാണ് തടിമാർക്കിടയിലെ പൊതു അഭിപ്രായം. ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ വിജയ് ബാബു വിഷയത്തിൽ നിശബ്ദരാണ്.

ദിലീപിനെതിരെ കർക്കശ നടപടിയാവശ്യപ്പെട്ട് അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ ബഹളം വെച്ച വീരശൂര പരാക്രമിയാണ് പൃഥ്വിരാജ്. ഈ താരത്തിൻ്റെ ഇരട്ടതാപ്പ് നയം താരങ്ങൾക്കിടയിലും ശക്തമായ രോഷത്തിനു കാരണമായിട്ടുണ്ട്. പൃഥ്വിരാജിൻ്റെ മാതാവ് മല്ലിക സുകുമാരനും വിജയ്ബാബുവിന് അനുകൂലമായ നിലപാടാണ് പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. നടിമാർ പരാതി നൽകാൻ തീരുമാനിച്ചാൽ താര സംഘടനയിലെ മിക്കവരും കുടുങ്ങുമെന്നതാണ് സൂപ്പർതാരങ്ങളുടെ ഉൾപ്പെടെ നിശബ്ദതയ്ക്ക് പിന്നിലുള്ളത്. വല്ലാത്ത ഒരവസ്ഥ തന്നെയാണിത്.

താര സംഘടനയായ അമ്മയുടെ അദ്ധ്യക്ഷ സ്ഥാനത്ത് മോഹൻലാൽ ആണെങ്കിലും ഇപ്പോഴും താരങ്ങളിൽ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് നടൻ ദിലീപിനെയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ ശേഷം മാത്രം താര സംഘടനയോട് സഹകരിക്കാം എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. തന്നെ സംഘടനയിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിച്ചവരോടുള്ള ദിലീപിൻ്റെ മറുപടി കൂടിയാണിത്. എന്നാൽ, ദിലീപിനെ പോലെ മാറി നിൽക്കാൻ വിജയ് ബാബു തയ്യാറല്ല. അദ്ദേഹം കൃത്യമായ ഇടപെടൽ നടത്തി പിടിച്ചു നിൽക്കുകയാണ് ഉണ്ടായത്. ഇവിടെയാണ് ഇടവേള ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് തണലായിരിക്കുന്നത്. എല്ലാറ്റിനും മോഹൻലാലിൻ്റെയും പിന്തുണയുണ്ടായിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നാൽ പല സൂപ്പർതാര വിഗ്രഹങ്ങളും ഉടയുമെന്ന പ്രചരണം ശക്തമായതിനാൽ ലാൽ ഉൾപ്പെടെയുള്ളവരുടെ ഇപ്പോഴത്തെ നിലപാടും സ്വാഭാവികം തന്നെയാണ്. “ഏതെങ്കിലും സ്ത്രീ പരാതി ഉന്നയിച്ചതു കൊണ്ടു മാത്രം തീരേണ്ടതല്ല തങ്ങളുടെ ഭാവി” എന്ന വികാരമാണ് സൂപ്പർ താരങ്ങളെ നിലവിൽ നയിക്കുന്നത്.

താര സംഘടനയായ അമ്മയെ വെറും ‘ക്ലബാക്കി’ ചിത്രീകരിക്കുന്നതും അതു കൊണ്ടാണ്. താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ഇടവേള ബാബു പറഞ്ഞപ്പോഴും ഒരു സൂപ്പർതാരവും എതിർത്തിട്ടില്ല. അതേസമയം താരസംഘടന ക്ലബ് ആണെന്ന നിലപാടിൽ ഇടവേളബാബു ഉറച്ചു നിൽക്കുകയുമാണ്. ഇതെല്ലാം വിജയബാബുവിനെ രക്ഷിക്കാൻ മാത്രമല്ല മറ്റു പലരെയും എന്തിനേറെ, തന്നെ തന്നെ രക്ഷിക്കുന്നതിനു വേണ്ടിയാണോ എന്നതിനും ഇടവേള ബാബു മറുപടി പറയണം.

ഇടതു വിരുദ്ധനായ ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് തന്നെ മുൻപ് ഗണേഷ് കുമാറാണ്. ആ ഗണേഷനെതിരെയാണിപ്പോൾ ഇടവേള തിരിഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇടവേള ബാബുവിനെ മാറ്റി നിർത്തിയില്ലങ്കിൽ താര സംഘടനയോട് സഹകരിക്കേണ്ട എന്ന നിലപാടിലേക്കാണ് ഒരു വിഭാഗം താരങ്ങൾ പോകുന്നത്. ഇടവേള ബാബുവിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ കൂടുതൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല.

EXPRESS KERALA VIEW

Top