‘വിലായത്ത് ബുദ്ധ’യിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്

പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ പൃഥ്വിരാജ് ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ചിത്രത്തിൽ കഴിഞ്ഞ ദിവസം പൃഥ്വിരാജ് ജോയ്ൻ ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഡബിൾ മോഹനൻ’ എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നതെന്നാണ് വിവരം.

വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. നടി പ്രിയംവദാ കൃഷ്‍ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ത്രില്ലർ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘു നോവല്‍ ആണ് അതേപേരില്‍ സിനിമയാക്കുന്നത്.

Top