പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവ്; ഹോം ക്വാറന്റീന്‍ തുടരുമെന്ന് താരം

ബ്ലസി ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് ശേഷം ജോര്‍ദ്ദാനില്‍ നിന്ന് നാട്ടിലെത്തിയ പൃഥ്വിരാജും സംഘവും 14 ദിവസത്തെ ക്വാറന്റീനില്‍ ആയിരുന്നു. അതില്‍ 7 ദിവസം പൂര്‍ത്തിയാക്കി ഹോം ക്വാറന്റീനില്‍ പ്രവേശിക്കുന്ന കാര്യവും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ സ്വമേധയാ കോവിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഫലം നെഗറ്റീവാണെന്നും എങ്കില്‍ പോലും വീട്ടിലെ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കുമെന്നും പൃഥ്വി കുറിച്ചു.

കോവിഡ് വ്യാപന ആശങ്കകള്‍ക്കിടെയാണ് പൃഥ്വി ജോര്‍ദാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ മെയ് 22 ന് നാട്ടിലെത്തിയ പൃഥ്വി ഏഴ് ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റീന്‍ അവസാനിപ്പിച്ച് മെയ് 29-നാണ് ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയുന്നതിനായി വീട്ടിലേക്ക് പോയത്.

‘എന്റെ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു, ഇനി വീട്ടില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍. വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കാന്‍ പോകുന്നവരോടും ഇരിക്കുന്നവരോടുമായി, വീട്ടിലേക്ക് മടങ്ങുക എന്നാല്‍ നിങ്ങളുടെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞു എന്നല്ല അര്‍ഥം. ക്വാറന്റീനിന് നിര്‍ദേശിച്ച എല്ലാ ചട്ടങ്ങളും പാലിച്ചിരിക്കണം, അധികാരികള്‍ നിര്‍ദേശിച്ച, രോഗം പടരാന്‍ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗക്കാര്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കണം’- പൃഥ്വി കുറിച്ചു.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വി ഉള്‍പ്പെട്ട സംഘത്തെ നാട്ടിലെത്തിച്ചത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 58 പേരടങ്ങുന്ന സംഘം മാസങ്ങള്‍ക്ക് മുമ്പാണ് ജോര്‍ദാനിലേക്ക് പോയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Top