prithviraj back to bollywood

മൂന്ന് വര്‍ഷത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡ് ചിത്രത്തില്‍.

നിരൂപകപ്രശംസ നേടി നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ച ബേബി സിനിമയുടെ പ്രീക്വല്‍ പതിപ്പിലാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്നത്.

അക്ഷയ്കുമാറിനെ നായകനാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത സിനിമയില്‍ തപസി പന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് ബേബിയുടെ മുന്‍ഭാഗമായി ചിത്രം ഒരുങ്ങുന്നത്.

സെപ്തംബര്‍ അവസാനത്തോടെ മുംബൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ്. നീരജ് പാണ്ഡേയ്ക്ക് പകരം ശിവന്‍ നായരാണ് ബേബി പ്രീക്വല്‍ ഒരുക്കുന്നത്.

ബോളിവുഡ് ഹംഗാമയാണ് മനോജ് വാജ്‌പേയിയും പൃഥ്വിരാജും ബേബി പ്രീക്വലില്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്.

മീര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി ആയോധന കല പരിശീലിക്കുകയാണ് തപ്‌സി ഇപ്പോള്‍. തപസിയുടെ കഥാപാത്രത്തിലുണ്ടായിരുന്ന നിഗൂഢത അനാവരണം ചെയ്യുന്ന രീതിയിലാണ് മീര ഒരുക്കുന്നത്.

ബേബിയിലെ പ്രിയ സൂര്യവംശി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് പ്രീക്വല്‍ ഒരുക്കണമെന്ന ആശയം അക്ഷയ്കുമാറിന്റേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അക്ഷയ്കുമാര്‍ അതിഥിതാരമാണെങ്കിലും സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ ഈ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടാകും.

2012ല്‍ പുറത്തിറങ്ങിയ അയ്യ, 2013ല്‍ ഔറംഗസേബ് എന്നീ സിനിമകളിലാണ് പൃഥ്വിരാജ് ബോളിവുഡില്‍ അഭിനയിച്ചത്.

Top