പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്നു; ‘ഖലീഫ’ ഉടൻ എത്തും

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഖലീഫ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും’, എന്ന ​ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രം ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് വൈശാഖ് ഉറപ്പ് നൽകുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘ഒരു ഹൈ വോൾട്ടേജ് മാസ്സ് എന്റർടെയ്‌നറുമായി പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി വീണ്ടും ഒന്നിക്കുന്നു. ഇത്രയും കാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ‘ഖലീഫ’യെ ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി എബ്രഹാമിന് നന്ദി’, എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വൈശാഖ് കുറിച്ചിരിക്കുന്നത്.

Top