‘വാരിയം കുന്നനി’ല്‍ നിന്ന് പിന്‍മാറി പൃഥ്വിരാജും ആഷിക് അബുവും

വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് സൂചന.

മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്തു മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്.

 

Top