ഡാഡ തിരിച്ചുവന്ന സന്തോഷത്തില്‍ അല്ലി, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി: സുപ്രിയ

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഷൂട്ടിങ്ങിനായി ജോര്‍ദാനില്‍ കുടുങ്ങിയ ‘ആടുജീവിതം’ ടീം പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്നാണ് കേരളത്തിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം കൊച്ചിയിലെത്തിയത്. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനൊടുവില്‍ സംഘം മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിയുടെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ ഈ സന്തോഷം പങ്കുവെച്ചത്.

‘ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിര്‍ദ്ദേശമനുസരിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നിരീക്ഷണത്തില്‍ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച, ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്ന സമയത്ത് ശക്തി പകര്‍ന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു’. സുപ്രിയ കുറിച്ചു.

View this post on Instagram

He’s back! ?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായാണ് സംവിധായകനും നായകനുമുള്‍പ്പടെ 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലെത്തിയത്. കൊറോണ വ്യാപനത്തെതുടര്‍ന്ന് രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം ഇനി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും.

Top