പൃഥ്വി ഷായെ സെവാഗിനോടു താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി

മുംബൈ: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വി ഷായെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടു താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. സെവാഗ് സമ്പൂര്‍ണ പ്രതിഭയായിരുന്നെന്നും ഷായെ ഇപ്പോള്‍ സെവാഗിനോടു താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു.

ഷാ മറ്റു രാജ്യങ്ങളിലും കളിക്കട്ടെയെന്നും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലൊക്കെ ഷായ്ക്ക് റണ്‍സ് നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മുന്‍ നായകന്‍ സൂചിപ്പിച്ചു.

അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്നതും ടെസ്റ്റ് മത്സരം കളിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്നും ഷാ ഏറെക്കാലം ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

sewag-and-prithvi-Shaw

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരുപിടി റെക്കോര്‍ഡുകളും ഷാ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റേന്തുമ്പോള്‍ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17ാം വയസ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ ഈ പട്ടികയില്‍ മുന്നില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ഷായ്ക്കാണ്.

Top