പൃഥിരാജ് ചിത്രം പാവാട രണ്ടാം ഭാഗം ആലോചനയില്‍; സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍

കോമഡി എന്റര്‍ടെയ്നര്‍ ജോണറില്‍ കഥപറഞ്ഞ പൃഥിരാജ് ചിത്രമായ പാവാട രണ്ടാം ഭാഗം എടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍. 2016ല്‍ ആണ് ചിത്രം റിലീസാകുന്നത്. ആ വര്‍ഷം റിലീസിനെത്തിയ പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാതെ പോയപ്പോള്‍ ‘പാവാട’ സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഇതേ ജോണറില്‍ കഥപറയുന്ന ‘മഹാറാണി’ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ നല്ലൊരു വിഷയവുമായി മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടതായും മാര്‍ത്താണ്ഡന്‍ പറഞ്ഞു.

പാമ്പ് ജോയ് എന്നായിരുന്നു പാവടയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതിനാല്‍ സിനിമയുടെ സീക്വലിന് സാധ്യതയുണ്ടെന്നാണ് ഇരുവരുടെയും പ്രതീക്ഷ. ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ ആണ് മമ്മൂട്ടിയെ നായകനാക്കി മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. 2018ല്‍ റിലീസിനെത്തിയ ‘ജോണി ജോണി എസ് അപ്പ’യ്ക്ക് ശേഷം ഒരു ഇടവേളയെടുത്താണ് സംവിധായകന്‍ മഹാറാണിയുമായി എത്തുന്നത്.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മഹാറാണിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ‘ഇഷ്‌ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രതീഷ് രവി തിരക്കഥ രചിച്ച ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിക്കുന്നത്. ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവംബര്‍ 24ാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്.

Top