ഖാലിദ് റഹ്‌മാനുമൊത്ത് സിനിമക്ക് കൈക്കോര്‍ത്ത് പൃഥിരാജ്

സിനിമാ പ്രേമികള്‍ ഒരുപാട് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബ്ലെസി സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥിരാജ് നജീബ് ആയി പകര്‍ന്നാടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഏവരും. ചിത്രത്തിന്റെ പ്രൊമോഷനിടെ ഒരഭിമുഖത്തില്‍ ഖാലിദ് റഹ്‌മാനുമൊത്ത് ഒരു ചിത്രത്തിന് കൈ കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് നായകനായ ‘സപ്തമ ശ്രീ തസ്‌കരാ’ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി ഖാലിദ് റഹ്‌മാന്‍ പ്രവര്‍ത്തിച്ചിരുന്നു. ചിത്രീകരണ വേളയില്‍ അദ്ദേഹത്തില്‍ കഥപറച്ചില്‍ ഇഷ്ടമായെന്ന്, ഖാലിദിനെ പൃഥ്വിരാജ് പ്രശംസിക്കുകയും ചെയ്തിരുന്നു. ഖാലിദ് റഹ്‌മാനൊത്ത് സിനിമ ചെയ്യുമെന്ന് സപ്തമ ശ്രീ തസ്‌കരാ ചിത്രത്തിന്റെ പ്രൊഡ്യൂസറിനോട് പറഞ്ഞിരുനെന്നും പൃഥ്വിരാജ് പറഞ്ഞു. ഖാലിദ് റഹ്‌മാന്റെ ആദ്യ സംവിധാനം ‘അനുരാഗ കരിക്കിന്‍ വെള്ളം’ നിര്‍മിച്ചിരിക്കുന്നത് പൃഥ്വിരാജ് ആണ്.

ഈ വര്‍ഷം എന്തായാലും ഖാലിദ് പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണത്തിന് സാധ്യത ഇല്ല. സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്റെ തിരക്കിലാണ് താരമിപ്പോള്‍. നിരവധി ചിത്രങ്ങളില്‍ ഇതിനോടകം തന്നെ പൃഥ്വിരാജ് കരാര്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ‘ഉണ്ട’, ‘തല്ലുമാല’ തുടങ്ങിയ ചിത്രങ്ങളും ഖാലിദിന്റെ സംവിധാനത്തിലെത്തിയവയാണ്. ചിദംബരത്തിന്റെ റെക്കോര്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ മഞ്ഞുമ്മല്‍ ബോയ്സില്‍ ഒരു കഥാപാത്രത്തെ ഖാലിദ് അവതരിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സിനിമകളില്‍ ഖാലിദ് അഭിനയിക്കുന്നത്. അദ്ദേഹം സഹസംവിധായകനായ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കരാ: എന്നീ ചിത്രങ്ങളില്‍ ഖാലിദ് റഹ്‌മാന്‍ ചെറിയ വേഷങ്ങളിലെത്തിയിരുന്നു. കൂടാതെ പറവ, മായനദി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളിലും അദ്ദേഹം ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Top