Prithika Yashini to become India’s first transgender police officer

ഭിന്നലിംഗ വ്യക്തിയായി തമിഴ്‌നാട്ടിലെ സേലത്ത് ജനിച്ച് പിന്നീട് നിയമപോരാട്ടത്തിലൂടെ രാജ്യത്തെ ആദ്യ ഭിന്നലിംഗ പൊലീസ് ഓഫീസറായ പ്രിതിക ഐപിഎസ് നേടാനുള്ള പരിശീലനത്തില്‍.

ഹൈക്കോടതി വിധിയിലൂടെ ജീവിതം മാറ്റിമറിച്ച് പൊലീസാവാന്‍ കഴിഞ്ഞെങ്കിലും യുവസമൂഹത്തിന്റെ സ്വപ്‌നപദവിയായ ഐപിഎസ് എത്ര കഠിനപ്രയത്‌നം നടത്തിയായാലും കരസ്ഥമാക്കുമെന്ന വാശിയിലാണ് പ്രിതിക.

പതിനാറു വയസ്സ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മധുര സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്ന പ്രായം. പക്ഷേ, തമിഴ്‌നാട്ടിലെ സേലത്തു പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പ്രദീപ് ആ പ്രായത്തില്‍ തിരിച്ചറിഞ്ഞതു മറ്റൊരു സത്യമാണ്. താന്‍ ക്ലാസിലെ മറ്റ് ആണ്‍കുട്ടികളെപ്പോലെയല്ല. തന്റെ മനസ്സിലുണരുന്നതു പെണ്‍കിനാവുകളാണ്. പുറമേക്ക് ആണ്‍കുട്ടിയാണെങ്കിലും പെണ്ണിനെപ്പോലെ നാണം തുളുമ്പുന്ന മനസ്സാണ് തനിക്കുളളത്. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുളള ടോയ്‌ലറ്റില്‍ പോകാന്‍ പോലും നാണം. ഈ ചിന്തകള്‍ കാരണം പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.

pri1

വീട്ടില്‍ പറയണോ? പറഞ്ഞാല്‍ തന്നെ ഡ്രൈവറായ അച്ഛനും തയ്യല്‍ക്കാരിയായ അമ്മയും അംഗീകരിക്കുമോ? സഹോദരനു മാനക്കേടാകുമോ? പ്രദീപിന്റെ മനസ്സ് കലുഷിതമായി. അവന്‍ ഇക്കാര്യം മനസ്സിലിട്ട് നീറ്റി. ജീവിതം തന്റേതാണ്. താന്‍ മാത്രമാണ് അതിന്റെ ഉടമ. ആണിന്റെ രൂപവും പെണ്ണിന്റെ മനസ്സുമായുളള ജീവിതം ഇനി വയ്യ. ഒടുവില്‍ അവന്‍ തീരുമാനിച്ചു.

മകന്റെ ഭാവമാറ്റം കലൈ അരസനെയും സുമതിയേയും വല്ലാതെ അലട്ടി. ഇതേതോ ദുഷ്ടശക്തികളുടെ ഇടപെടലാകുമെന്ന് അവര്‍ കരുതി. പ്രദീപിനെക്കൂട്ടി അവര്‍ ആദ്യം പോയത് മന്ത്രവാദിയുടെ അടുക്കലാണ്. മകന്റെ ദീനം മാറാന്‍ പിന്നീട് ആരാധനാലയങ്ങള്‍ കയറിയിറങ്ങി, നേര്‍ച്ചകള്‍ അനവധി നടത്തി. ഫലമില്ലാതെ വന്നപ്പോള്‍ കൗണ്‍സിലിങ്ങിനും കൊണ്ടുപോയി. പക്ഷേ, അതൊന്നും പ്രദീപിന്റെ മനസ്സു മാറ്റിയില്ല. ഒടുവില്‍, അവന്‍ വീടു വിട്ടിറങ്ങി. അവളായി യാത്ര ആരംഭിച്ചു.

അവള്‍ക്ക് കൂട്ടായി മൂന്നാംലിംഗക്കാര്‍ മാത്രമാണുണ്ടായിരുന്നത്. പോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രദീപ്, പ്രിതികയായി. പേരിനൊപ്പം യാഷിനിയെന്നു ചേര്‍ത്തു. പ്രിതികയുടെ യാത്രയുടെ തുടക്കം മാത്രമായിരുന്നു അത്. അവള്‍ സബ് ഇന്‍സ്‌പെക്ടറായി, കോടതിയുടെ പിന്തുണയോടെ ഇന്ത്യയില്‍ പൊലീസ് സേനയിലെത്തുന്ന ആദ്യത്തെ മൂന്നാം ലിംഗക്കാരിയായ എസ്‌ഐ. സിനിമാക്കഥകള്‍ തോല്‍ക്കുന്ന പ്രിതിക യാഷിനി എന്ന 25 വയസ്സുകാരി സുന്ദരിയുടെ ജീവിത കഥ അവള്‍ തന്നെ പറയുന്നു.

pri2

കുട്ടിക്കനവുകളിലെ പൊലീസ്

”കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ട ഒരു സ്വപ്നമുണ്ട്. കാക്കി അണിഞ്ഞ് ഒരു പൊലീസ് ഓഫീസറാകണം. ബാല്യകാലത്തെ സ്വപ്നങ്ങളില്‍ ആ ഓഫീസര്‍ക്ക് കൊമ്പന്‍ മീശ ഉണ്ടായിരുന്നു. വലുതായപ്പോള്‍ ആ സ്ഥാനത്ത് നടി വിജയശാന്തിയായി മാറി. അവരുടെ ആക്ഷന്‍ രംഗങ്ങളില്‍ സ്വയം സമര്‍പ്പിച്ചായിരുന്നു പിന്നീടുളള സ്വപ്നങ്ങള്‍.

2011 ല്‍ സ്ത്രീയാകാനുളള ചികിത്സകള്‍ തുടങ്ങി. 2013 ലാണ് ശസ്ത്രക്രിയയിലൂടെ പുരുഷത്വം നീക്കം ചെയ്തു ഞാന്‍ പ്രിതികയാകുന്നത്. ലിംഗമാറ്റ ചികിത്സകളിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയെങ്കിലും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. അതിനു നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ എസ് ഐ ടെസ്റ്റിന് അപേക്ഷിക്കുമ്പോഴും രേഖകളില്‍ ഞാന്‍ പുരുഷന്‍ തന്നെയായിരുന്നു. എങ്കിലും ലിംഗം എഴുതേണ്ട കോളത്തില്‍ സ്ത്രീ എന്നാണു രേഖപ്പെടുത്തിയത്. മൂന്നാം ലിംഗക്കാര്‍ക്കായി അപേക്ഷാ ഫോമില്‍ പ്രത്യേക കോളം ഉണ്ടായിരുന്നില്ല.

സ്ത്രീ എന്നു തെറ്റായി രേഖപ്പെടുത്തിയെന്നു പറഞ്ഞ് അപേക്ഷ നിരസിച്ചു. പിന്നെ കോടതി മാത്രമായി ആശ്രയം. ഒടുവില്‍ എഴുത്തു പരീക്ഷയില്‍ പങ്കെടുപ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു. പരീക്ഷയില്‍ മികച്ച വിജയം നേടിയതോടെ സ്വപ്നങ്ങള്‍ക്കു പുതിയ ചിറകു മുളച്ചു.

കായിക ക്ഷമതാ പരീക്ഷയായിരുന്നു അടുത്ത കടമ്പ. അതിലെല്ലാം ജയം നേടി. പക്ഷേ, അവസാന ഇനമായ 200 മീറ്റര്‍ ഓട്ടത്തില്‍ ഒരു സെക്കന്‍ഡിന്റെ കുറവ് നിയമനത്തിനു തടസ്സമായി. വീണ്ടും കോടതിയിലേക്ക്. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍ അവിടെയും തുണച്ചു.

ഒരാള്‍ക്ക് മാത്രമായി ഇളവ് എന്തിനെന്നു തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഞാന്‍ ഒരാളല്ലെന്നും സമൂഹത്തില്‍ അവഗണന നേരിടുന്ന ഒരു വിഭാഗത്തിന്റെ പ്രlതിനിധിയാണെന്നും കോടതിയില്‍ സമര്‍ഥിക്കാനായി. അങ്ങനെ ഒരു ചരിത്ര വിധിയുമായി ഞാന്‍ എന്റെ സ്വപ്നത്തിലേക്ക് പറന്നിറങ്ങി.

തിരിഞ്ഞു നോക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു, എങ്ങനെ ഇത്രയും കാലം കല്ലും മുളളുമെല്ലാം ചവിട്ടി എന്ന്. കുട്ടിക്കാലം മുതല്‍ സ്‌പോര്‍ട്‌സില്‍ മിടുക്കു തെളിയിച്ചിരുന്നു. അതു മാത്രമായിരുന്നു ആത്മവിശ്വാസം. എസ്‌ഐ ടെസ്റ്റിന് അപേക്ഷിക്കുമ്പോള്‍ ഞാന്‍ ഒരു എന്‍ജിഒയില്‍ ജോലി ചെയ്തിരുന്നു. അതുകൊണ്ടു തന്നെ സ്ഥിരം പരിശീലനക്ലാസുകളില്‍ പോകാന്‍ സമയം ഉണ്ടായിരുന്നില്ല. മാത്രമല്ല, നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഓരോ കടമ്പയും കടന്നത്. പലപ്പോഴും പരീക്ഷയുടെ ഒരാഴ്ച മുന്‍പൊക്കെയാണ് പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കുന്നത്. പിന്നെ ജയിക്കാനുളള പരക്കം പാച്ചിലായിരുന്നു.

pri3

ബിരുദത്തിനു ചേര്‍ന്നപ്പോള്‍ വീടുപേക്ഷിച്ചു ചെന്നൈയിലേക്കു ചേക്കേറി. അവിടെയും കടുത്ത അവഗണന നേരിടേണ്ടി വന്നു. വാടകയ്ക്ക് വീടു നല്‍കാന്‍ പോലും ആരും തയാറായില്ല. ചെന്നൈയില്‍ എത്തിയ ആദ്യ ദിവസം ഹോട്ടല്‍ മുറി പോലും ലഭിച്ചില്ല. അങ്ങനെ ആ രാത്രി മുഴുവന്‍ കോയമ്പേടു ബസ് സ്റ്റാന്‍ഡില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നു.

അയാള്‍ ഞാനല്ല

ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം സ്‌കൂളില്‍ സമ്മാനം നേടുമെങ്കിലും എന്റെ സ്വഭാവത്തില്‍ സ്ത്രീഭാവം കലര്‍ന്നിരുന്നു. അതു കൊണ്ടു തന്നെ കൂട്ടുകാര്‍ക്കിടയില്‍ എപ്പോഴും പരിഹാസ പാത്രമായിരുന്നു. പെണ്‍സംഘങ്ങളില്‍ ചേരാനാണ് ഇഷ്ടമെങ്കിലും ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കേണ്ടിവരുന്നത് വലിയ സംഘര്‍ഷമുണ്ടാക്കി. ടീച്ചര്‍മാരാകട്ടെ എന്റെ വിഷമങ്ങള്‍ തിരിച്ചറിഞ്ഞതുമില്ല. പാവം എന്റെ മനസ്സിന് ആകെയുളള ഒരു കൂട്ട് എന്റെ ശരീരം മാത്രമായിരുന്നു. മനസ്സിനോട് അതെപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു, ഇയാള്‍ നീയല്ല, നീയല്ല എന്ന്….!

പിന്നീട് ഒരുപാടു കാലം കഴിഞ്ഞാണ് സങ്കടങ്ങള്‍ മാത്രം തന്ന ആണത്തത്തെ ഞാന്‍ ഉപേക്ഷിച്ചത്. അതിന് എനിക്കു താങ്ങായി നിന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ഭാനുവാണ്. അവരുടെ പിന്തുണയാണ് വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ എനിക്കു തുണയായത്.

കോടതിയിലെ പോരാട്ടങ്ങള്‍ക്ക് കരുത്തായത് അഡ്വ. ഭവാനി സുബ്രായനാണ്. എനിക്ക് അനുകൂലമായ വിധി നേടിത്തന്നത് അവരാണ്. ഒരു പാട് നന്ദിയോടെ മാത്രമേ എനിക്ക് ഈ പേര് ഓര്‍ക്കാന്‍ കഴിയൂ.

പൊതു സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിന് നിരവധി വെല്ലുവിളികളുണ്ട്. പലപ്പോഴും സമൂഹം അംഗീകരിക്കാതെ വരുമ്പോള്‍ ഞങ്ങളില്‍ അപകര്‍ഷതാ ബോധം വര്‍ധിക്കും. അംഗീകാരം നല്‍കാത്ത ലോകത്തു നിന്ന് പിന്‍വലിയാന്‍ തോന്നും. എനിക്കുമുണ്ടായി ഇങ്ങനെ ഒരു മാനസികാവസ്ഥ. അന്നൊക്കെ ഗ്രേസ് നല്‍കിയ പിന്തുണയാണ് എന്നെ രക്ഷിച്ചത്.

ഞങ്ങളും മനുഷ്യരല്ലേ?

ഞങ്ങളെ അംഗീകരിക്കാന്‍ സമൂഹത്തിന് ഇപ്പോഴും മടിയാണ്. എന്തോ വലിയ പാപം ചെയ്തവര്‍ എന്ന മട്ടിലാണ് ഞങ്ങളെ നോക്കുന്നത്. ഇതിനു കാരണം തെറ്റായ കാഴ്ചപ്പാടുകളാണ്. കുടുംബത്തില്‍ പോലും അംഗീകാരം കിട്ടില്ല. അവഗണനയും ശാപവാക്കുകളും മാത്രമേ കിട്ടൂ. വൈകല്യം പുറത്തു കാട്ടരുതെന്നാകും വീട്ടുകാരുടെ നിര്‍ദേശം.

അടിച്ചമര്‍ത്തിയാലും ഒരു പരിധികഴിയുമ്പോള്‍ യഥാര്‍ഥ സ്വഭാവം താനേ പുറത്തു വരും. ഫലമോ, വീട്ടില്‍ നിന്നുളള പലായനം. ഭിന്നലിംഗക്കാരുടെ കൂട്ടായ്മകളിലാകും ഈ യാത്ര ചെന്നവസാനിക്കുക.

പുരുഷനായി ജനിച്ച ശേഷം സ്ത്രീയായി മാറുന്നവരില്‍ കുറച്ചു പേര്‍ മാത്രമേ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താറുളളൂ. മറ്റുളളവരുടെ അവസ്ഥ ഭീകരം. തമിഴ്‌നാട്ടില്‍ അറവാണിയെന്നും ജഗപ്പയെന്നുമാണ് ഞങ്ങളെ വിശേഷിപ്പിക്കുന്നത്. വെറുപ്പും മുഷിപ്പും കലര്‍ന്ന പേരുകള്‍.

ഭിന്നലിംഗം എന്നത് ഒരു ശാരീരികാവസ്ഥയായി അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല. ഇതു മാറണം. ഞങ്ങളെയും മനുഷ്യരായി അംഗീകരിക്കണം. സംവരണത്തിലൂടെയും മറ്റും ഭിന്ന ലിംഗക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാരും തയാറാകണം.

കുടുംബത്തിന്റെ പിന്തുണയാണ് മറ്റൊരു കാര്യം. മാതാപിതാക്കള്‍ പിന്തുണച്ചാല്‍ ഞങ്ങളില്‍ പലര്‍ക്കും ഭിക്ഷ യാചിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നു വരാന്‍ സാധിക്കും.

pri4

വലിയ ലക്ഷ്യങ്ങള്‍

ഐപിഎസാണ് അടുത്ത ലക്ഷ്യം. അതിനുളള ശ്രമങ്ങള്‍ തുടങ്ങണം. അതോടൊപ്പം ഭിന്നലിംഗക്കാര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണം. മറ്റു ചെറുപ്പക്കാരായ ട്രാന്‍സ് ജെന്‍ഡര്‍മാരെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കണം. അവരെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളില്‍ ജോലി നേടാന്‍ പ്രാപ്തരാക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണം.

ജോലിയില്‍ ഒരു പക്ഷേ, ഞാന്‍ നൂറിനു പകരം നൂറ്റമ്പതു ശതമാനം ആത്മാര്‍ത്ഥത കാണിക്കേണ്ടി വരും. എങ്കിലേ അംഗീകാരം നേടിയെടുക്കാന്‍ കഴിയൂ. കാരണം ഞാന്‍ വ്യത്യസ്തമാണെന്നതു തന്നെ. സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു പാട് ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി ശ്രമിക്കുന്നുമുണ്ട്. എനിക്കറിയാം ഇവിടുത്തെ പ്രശ്‌നങ്ങള്‍. സാഹചര്യം മോശമായിരുന്നെങ്കില്‍ ഒരു പക്ഷേ, ഞാനും ഇന്ന് ആരൊക്കെയോ ഉപയോഗിച്ച് വലിച്ചെറിയപ്പെടുകയേ ഉണ്ടായിരുന്നുളളൂ.”

സ്വപ്നം അവിടം കൊണ്ടും തീര്‍ന്നോ എന്ന ചോദ്യത്തിനു മുന്നില്‍ പ്രിതിക നാണിച്ചു. പിന്നെ, കണ്ണുകളില്‍ പ്രണയം ഒളിപ്പിച്ച തനി തമിഴ്‌പ്പെണ്‍കൊടിയുടെ നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു. ”ഇനിയുളള കാലം സ്‌നേഹത്തിന്റേതു കൂടിയാവണം. ഭാവി അച്ഛനമ്മമാര്‍ തീരുമാനിക്കട്ടെ….”

മഴവില്‍ നിറമുളള കോടതിവിധി

2015 നവംബര്‍ ആറിന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യയിലെ ഭിന്നലിംഗക്കാരെ സംബന്ധിച്ച് ചരിത്രമാണ്. ഇന്ത്യയില്‍ പൊലീസ് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഭിന്നലിംഗ വനിത എന്ന പേര് 25 വയസ്സുകാരിയായ പ്രിതിക നേടി.

ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ (എല്‍ബിജിടി) കമ്മ്യൂണിറ്റി എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഹിജഡകള്‍ എന്ന പേരില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്ന ഇവരുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യയില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കും പുരുഷനും പുറമേ മൂന്നാം ലിംഗം എന്ന വിഭാഗത്തിനും ഇന്ത്യയില്‍ നിയമപ്രകാരം അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നാം ലിംഗക്കാരെ അംഗീകരിച്ചിട്ടുളള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

അതേ സമയം, സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായി കണക്കാക്കുന്നതിനാല്‍ ഭിന്നലിംഗക്കാര്‍ തമ്മിലുളള വിവാഹം ഇവിടെ അനുവദനീയമല്ല. അടുത്തിടെ ഫെയ്‌സ് ബുക്കില്‍ മൂന്നാം ലിംഗക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുളള മഴവില്‍ പ്രഫൈല്‍ ചിത്രങ്ങള്‍ വലിയ പ്രചാരം നേടിയിരുന്നു.

(കടപ്പാട് ; സുജിത്ത് പി നായര്‍, മലയാള മനോരമ ഓണ്‍ലൈന്‍)

Top