കൊലപാതകം ആസൂത്രിതമെന്ന് പ്രതികള്‍; അഭിമന്യുവിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു, അഭിമന്യുവിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏഴ് സെന്റീമീറ്റര്‍ നീളത്തിലും നാല് സെന്റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് ഉണ്ടായത്. മരണം ഉടന്‍ തന്നെ സംഭവിച്ചിരുന്നെന്നും ചികിത്സിച്ചാല്‍ പോലും ഭേദമാകാത്ത വിധത്തിലുള്ള മുറിവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇതില്‍ നിന്നെല്ലാം കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം, അഭിമന്യുവിനെ കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പ്രതികള്‍ പറഞ്ഞു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമന്യുവിനെ കൊല്ലുക എന്നതായിരുന്നു തങ്ങളുടെ പദ്ധതി. കഴിഞ്ഞ വര്‍ഷവും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു. ഹോസ്റ്റലിലെ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമന്യു തടസം നിന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. എറണാകുളം നോര്‍ത്തിലെ ഒരു വീട്ടില്‍ താമസിച്ചാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തത്. കുത്തിയ ശേഷം കത്തി ഉപേക്ഷിക്കരുതെന്ന് പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നതായും പ്രതികള്‍ മൊഴി നല്‍കി.

കോളെജിന്റെ പിന്‍മതിലിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുപതോളം പ്രതികള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്.

അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ കൃഷ്ണയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

ഇതിനിടെ മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. സെയ്ഫുദീന്‍, നവാസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി മുഹമ്മദ് കൊളേജ് വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ നാടുവിട്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പ്രതികളില്‍ രണ്ട് പേര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ പുറത്തുനിന്ന് എത്തിയവരാണ്. പിടികൂടാത്ത പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് അന്വേഷണസംഘം.

Top