സ്വപ്‌നയുടെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കി ജയില്‍ വകുപ്പ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് വിലക്കി. നിലവിലെ ജയില്‍ നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ജയില്‍ ഡി.ജി.പി. സര്‍ക്കുലര്‍ പുറത്തിറക്കി.

സാധാരണ ഗതിയില്‍ കോഫെ പോസെ തടവുകാരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. കോഫെ പോസെ തടവുകാരിയായാണ് സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സ്വപ്ന സുരേഷിന്റെ ബന്ധുക്കളടക്കമുള്ള സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്വപ്നയുടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ തിരിച്ചയച്ചു. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കോഫെ പോസെ നിയമത്തില്‍ സംസ്ഥാനത്തിന്റെ ചട്ടം അനുസരിച്ച് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top