‘Prisma’ App’s Art-Inspired Photo Filters Take Social Media by Storm

പുതിയ ആപ്പുകള്‍ വളരെ വേഗത്തില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത് പ്രിസ്മ ആപ്പാണ്.

അലക്‌സി മൊയ്‌സീന്‍കോവ് എന്ന 25കാരനാണ് ഈ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അലക്‌സിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് റഷ്യയില്‍ നടത്തുന്ന സ്റ്റാര്‍ട്ട് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. ഐഫോണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പാണ് പ്രിസ്മ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ന്യൂറല്‍ നെറ്റ്വര്‍ക്കും ഉപയോഗിച്ചാണ് പ്രിസ്മ പ്രവര്‍ത്തിക്കുന്നത്. ചിത്രകലയിലെ വിവിധ സങ്കേതങ്ങളെ ഓര്‍മിപ്പിക്കുന്ന ഇംപ്രഷന്‍, ഗോത്തിക്ക്, മൊസൈക്ക് തുടങ്ങി 33 ഫില്‍ട്ടറുകളാണ് ഇപ്പോള്‍ പ്രിസ്മയിലുള്ളത്.

ആവശ്യക്കാര്‍ക്ക് ഇഷ്ടമുളളത് തിരഞ്ഞെടുക്കാം. ജനങ്ങള്‍ക്ക് പുതുതായെന്തെങ്കിലും ചെയ്യാന്‍ ഇഷ്ടമാണ്. ഞങ്ങളവരെ സഹായിക്കുന്നു എന്നാണ് പ്രിസ്മ സ്ഥാപകന്‍ അലക്‌സി പറയുന്നത്.

പ്രിസ്മയുടെ വീഡിയോ ആപ്പ് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം അലക്‌സി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിസ്മ വീഡിയോ ആപ്പ് ഏറെ വൈകാതെ പുറത്തിറങ്ങുമെന്ന് അലക്‌സി സൂചിപ്പിക്കുന്നുണ്ട്.

ഒരു ബോറന്‍ ഇമേജിനെ പോലും മികവുറ്റ ഒരു കലോപഹാരമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കി മാറ്റുന്ന ഘടകം. ഗൂഗിള്‍ പ്‌ളേയിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഒരു നൂറായിരം ഫോട്ടോ എഡിറ്റിംഗ് ആപ്പുകള്‍ ഉണ്ടെങ്കിലും പ്രിസ്മ നല്‍കുന്നത് പുത്തന്‍ അനുഭവം എന്നാണ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം.

പ്രിസ്മയെ ഇപ്പോള്‍ കൗതുകത്തിന് ഉപയോഗിക്കുമ്പോള്‍ ഭയപ്പാടോടെ കഴിയുന്ന ഒരു വിഭാഗമാണ് ചിത്രകാരന്മാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളര്‍ന്നാല്‍ മനുഷ്യന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും മനുഷ്യനെ നിയന്ത്രിക്കുന്ന യന്ത്രസംവിധാനങ്ങള്‍ വരുമെന്നും പ്രവചിക്കപ്പെടുന്ന കാലത്തിന്റെ സൂചനകളാണ് പ്രിസ്മയെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

Top