കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് മുന്‍കൂര്‍ അനുമതി; വിവാദ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സെപ്റ്റംബര്‍ 9ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലോടെ പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കലാ സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂര്‍ പരിശോധിക്കണമെന്നും ആയിരുന്നു സര്‍ക്കുലര്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കലാസാഹിത്യ മേഖലകളില്‍ സജീവമായ അധ്യാപകരടക്കം രംഗത്ത് വന്നിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമശനം ഉന്നയിക്കരുതെന്നതുള്‍പ്പെടെ നിബന്ധകളോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി കൊടുക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളിങ്ങനെയായിരിക്കെയാണ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്. ഓരോ സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം സത്യവാങ്മൂലവും സൃഷ്ടിയുടെ പകര്‍പ്പും നല്‍കണം. സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാണോയെന്ന് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അനുമതി എന്നായിരുന്നു ഉത്തരവ്.

സ്ഥലം പൊലീസ് സ്‌റ്റേഷനില്‍ കൂടി പരിശോധന നടത്താമെന്നായിരുന്നു ഉത്തരവിനെക്കുറിച്ചുള്ള എഴുത്തുകാരന്‍ സച്ചിദാനന്ദന്റെ വിമര്‍ശനം. ഇടത് അനുകൂല വിദ്യാഭ്യാസപ്രവര്‍ത്തകരടക്കം ഉത്തരവിനെ കുറ്റപ്പെടുത്തി. ഉത്തരവിറക്കാനുള്ള സാഹചര്യം വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചതുമില്ല. ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഉടനെയുള്ള റദ്ദാക്കല്‍.

 

 

Top