യുഎസിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്

വാഷിംങ്ടണ്‍: യുഎസ്സിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വൈസ് പ്രൊവസ്റ്റ് പദവിയിലേക്ക്. ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ പ്രഫസറായ ഭരത് ആനന്ദ് ആണ് പ്രോവൈസ് ചാന്‍സലര്‍ പദവിക്കു തുല്യമായ, ഭരണതലത്തിലെ ഉന്നത പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബറിലാണ് ഭരത് ആനന്ദ് വൈസ് പ്രൊവസ്റ്റ് ആയി ചുമതലയേല്‍ക്കുന്നത്.

ഓണ്‍ലൈന്‍ ഉള്‍പ്പെടെ പുതിയ പഠനസമ്പ്രദായങ്ങള്‍ നടപ്പാക്കുന്നതിന്റെ ചുമതലയുള്ള വൈസ് പ്രൊവസ്റ്റ് പദവിയാകും ഇദ്ദേഹം വഹിക്കുക. പഠനത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി അധ്യാപനവും പഠനവിഷയങ്ങളുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍. ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ ഡിജിറ്റല്‍ പഠനകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഭരത് ആനന്ദ് സീനിയര്‍ അസോഷ്യേറ്റ് ഡീന്‍, ഡിജിറ്റല്‍ പഠനവിഭാഗം ഫാക്കല്‍റ്റി ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അധ്യാപനത്തിലും പഠനത്തിലും ഹര്‍വാര്‍ഡ് പുതിയൊരു കണ്ടുപിടിത്തത്തിന് തുടക്കമിട്ടിട്ടുണ്ട്. അതിന് മുന്നോടിയായിട്ടാണ് ആനന്ദിന്റെ നിയമനവും. സര്‍വ്വലാശാല പഠനത്തിനായി ആനന്ദിന്റെ നേതൃത്വപാടവവും,നൂതന ആശയങ്ങളുമെല്ലാം ഹര്‍വാഡിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്ന് പ്രൊവസ്റ്റ് അലന്‍ ഗാര്‍ബര്‍ വ്യക്തമാക്കി.

ആനന്ദ് ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസത്രത്തില്‍ ബിരുദം കരസ്ഥമാക്കി. പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. ഹര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍ നിന്നും ഗീന്‍ഹില്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് മികവിന് എച്ച് ബി എക്‌സ് സ്ഥാപിക്കാനും ആനന്ദ് മുന്‍കയ്യെടുത്തിരുന്നു.

Top