നര്‍മ്മത്തിന്റെ രാജകുമാരി ; കല്‍പ്പന ഓര്‍മയായിട്ട് എട്ട് വര്‍ഷം

ചിരിയുടെ അരങ്ങുണര്‍ത്തിയിരുന്ന കല്‍പ്പന വിടവാങ്ങിയിട്ട് ഇന്ന് എട്ട് വര്‍ഷം. ഹാസ്യാവതരണത്തില്‍ തനതായ ശൈലിയിലൂടെ സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു കല്‍പ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലര്‍ കല്‍പ്പനയെ വിശേഷിപ്പിക്കുന്നത്. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് കല്‍പ്പന ഓരോ വേഷങ്ങളലൂടെയും തെളിയിക്കുകയായിരുന്നു.

നാടക പ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന സഹോദരിമാരായ ഉര്‍വ്വശിക്കും കലാരഞ്ജിനിക്കും പിറകെ സിനിമയിലെത്തി. ബാലതാരമായിട്ടായിരുന്നു തുടക്കം. ആദ്യ സിനിമ ‘വിടരുന്ന മൊട്ടുകളി’ല്‍ അഭിനയിക്കുമ്പോള്‍ കല്‍പ്പനയ്ക്ക് പ്രായം 12. അരവിന്ദന്റെ ‘പോക്കുവെയില്‍’ എന്ന ചിത്രമാണ് കല്‍പ്പനക്ക് മലയാള സിനിമയില്‍ വഴിത്തിരിവായത്. പിന്നീടിങ്ങോട്ട് മലയാളിയില്‍ ചിരിപടര്‍ത്തിയ ഒരു പിടി വേഷങ്ങള്‍. ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, ഇഷ്ടത്തിലെ മറിയാമ്മാ തോമസ്, സ്പിരിറ്റിലെ പങ്കജം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, ബാംഗ്ലൂര്‍ ഡെയ്‌സിലെ കുട്ടന്റെ അമ്മ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കല്‍പ്പന മലയാളിയെ ചിരിപ്പിച്ചു.

ജഗതിക്കൊപ്പമുള്ള കല്‍പ്പനയുടെ വേഷങ്ങള്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടു. 1985ല്‍ ഭാഗ്യരാജിന്റെ ചിന്ന വീടിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച കല്‍പ്പന തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യനടി എന്ന നിലയില്‍ നിന്ന് സ്വഭാവ നടിയിലേക്ക് ചുവടുമാറിയ കല്‍പ്പനക്ക് ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി മുന്നൂറിലേറെ സിനിമകളില്‍ കല്‍പ്പന അഭിനയിച്ചു.

ചാര്‍ലിയിലെ ക്വീന്‍ മേരിയായിരുന്നു കല്‍പ്പനയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ കടലിലേക്ക് മറഞ്ഞുപോകുന്ന മേരി, വൈകാതെ ജീവിതത്തിന്റെ തിരശീലയില്‍ നിന്നുതന്നെ മാഞ്ഞുപോകുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. വര്‍ഷങ്ങള്‍ക്കിപ്പുറം കല്‍പ്പനയുടെ നര്‍മ്മവും കഥാപാത്രത്തിന്റെ ആഴവും ഇന്നും പ്രേഷകര്‍ നെഞ്ചോട് ചേര്‍ക്കുന്നു.

Top