ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. 1921 ജൂണ്‍ 10ന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചു.

1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 2017 ഓഗസ്റ്റില്‍ ഫിലിപ് 65 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ നിന്നു വിടവാങ്ങി. 150-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

14 പുസ്തകങ്ങള്‍ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവര്‍ത്തിച്ചു. കേംബ്രിജ്, എഡിന്‍ബറ അടക്കമുള്ള സര്‍വകലാശാലകളുടെ ചാന്‍സലറായിരുന്നു.

 

Top