‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറി ഹാരി രാജകുമാരനും ഭാര്യ മേഗനും

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗനും. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കി.

എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് ഇരുവരുടേയും ഈ തീരുമാനമെന്നാണ് സൂചന. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

രാജ്ഞിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് തുടരുന്നതിനൊപ്പം, രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍'(സീനിയര്‍ മെമ്പേഴ്സ്) എന്ന പദവിയില്‍നിന്ന് പിന്മാറാനും സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടി പരിശ്രമിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്- ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ ഹാരിയുടെയും മേഗന്റെയും പത്രക്കുറിപ്പില്‍ പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ ഹാരിയും മുപ്പത്തിയെട്ടുകാരിയായ മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിലെ നിര്‍ണായ സാന്നിധ്യമാണ്. രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനം വന്നിരിക്കുന്നത്.

Top