പ്രൈം റീല്‍സിലൂടെ ആദ്യ ചിത്രം എത്തി

ലയാള സിനിമകളുടെ റിലീസിനു വേണ്ടി മാത്രമായി പുതിയൊരു ഒടിടി പ്ലാറ്റ്ഫോം പുതു വർഷം മുതൽ ആരംഭിക്കുന്നതായി ഈയിടെയാണ് വാർത്ത വന്നത്. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാളം സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്ന അവകാശവാദവുമായാണ് പ്രൈം റീല്‍സ് എന്ന പേരിൽ ഒടിടി പ്ലാറ്റ്ഫോം എത്തുന്നത്. നിശ്ചിത ബജറ്റിലുള്ള സിനിമകളാണ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നും ഇത് നിര്‍മ്മാതാക്കള്‍ക്കും ലാഭകരമായിരിക്കുമെന്നുമാണ് പ്രൈം റീല്‍സ് എംഡി ആയ തോമസ് സെബാസ്റ്റ്യൻ പറയുന്നത്.

“ഇനിയുള്ള കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കേണ്ട സമയമാണെന്നാണ് തോന്നുന്നത്. പ്രൈം റീല്‍സിലൂടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു പ്ലാനാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഒരു കോടി-ഒന്നരക്കോടിയില്‍ പൂര്‍ത്തിയാവുന്ന പ്രോജക്ടുകളാണ് ഞങ്ങള്‍ റിലീസ് ചെയ്യുക. നിര്‍മ്മാതാവിന് സാമ്പത്തിക ഭദ്രത ഉറപ്പുതരുന്ന പാക്കേജ് ആവും ഞങ്ങള്‍ നല്‍കുക”, തോമസ് സെബാസ്റ്റ്യന്‍ പറഞ്ഞു.

അതേസമയം പ്രൈം റീല്‍സിലൂടെ ആദ്യ ചിത്രമായ പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, സൈജു കുറുപ്പ് നായകനായ ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഇന്ന് റിലീസായി. ജയ് ജിതിൻ സംവിധാനം ചെയ്ത് ദുർഗ കൃഷ്ണയും അർജുൻ നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൺഫെഷൻസ് ഓഫ് എ കുക്കു’ (ജനുവരി 8), സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ് എന്നിവർ അഭിനയിക്കുന്ന ‘വാക്ക്’ (ജനുവരി 15), ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സുമേഷ് ആൻഡ് രമേഷ്’ (ജനുവരി 22) എന്നിവയാണ് പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും ചിത്രങ്ങള്‍ കാണാമെന്ന് അണിയറക്കാര്‍ പറയുന്നു. കൊച്ചി ഇൻഫോപാർക്ക്‌ ആസ്ഥാനമായ ഐയോണ്‍ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ സംരഭത്തിനു പിന്നിൽ.

Top