ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിടും. മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ വാങ്ങുന്ന കാര്യത്തിലും തീരുമാനമായേക്കും. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വിമാനങ്ങളും സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാന്‍ സൈന്യം പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാല്‍ മറൈന്‍ വിമാനങ്ങളും നാല് ട്രെയിനര്‍ വിമാനങ്ങളും ലഭിക്കും.
സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്താണ് യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും അടിയന്തരമായി എത്തിക്കണണെന്ന് നാവികസേന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഐഎന്‍എസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളില്‍ നിലവില്‍ മിഗ്-29 വിമാനങ്ങളാണുള്ളത്. രണ്ട് വിമാനവാഹിനിക്കപ്പലുകളിലും റഫേല്‍ വിമാനങ്ങള്‍ ആവശ്യമാണെന്നാണ് നാവിക സേനയുടെ ആവശ്യം. അതേസമയം, മുംബൈയിലെ മസഗോവ് ഡോക്ക്യാര്‍ഡ്സ് ലിമിറ്റഡില്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നാവികസേന ഏറ്റെടുക്കും. 90,000 കോടി രൂപയിലധികം വില വരുന്ന കരാറാണ് ഫ്രാന്‍സുമായി പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമേ തുകയില്‍ അന്തിമ തീരുമാനമാകൂ. ഇന്ത്യ ഇളവുകള്‍ തേടാന്‍ സാധ്യതയുണ്ടെന്നും ‘മേക്ക്-ഇന്‍-ഇന്ത്യ’യെ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യ ഉപാധി മുന്നോട്ടുവെച്ചേക്കും.
36 യുദ്ധവിമാനങ്ങള്‍ക്കായുള്ള മുന്‍ റഫേല്‍ കരാറിലെന്നപോലെ റഫാല്‍ ഇടപാടിനായി ഇന്ത്യയും ഫ്രാന്‍സും സംയുക്ത സംഘം രൂപീകരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായി. കരാര്‍ ഡിഫന്‍സ് കൗണ്‍സിലിന് മുന്നില്‍വെക്കാനും തീരുമാനമായി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലും പ്രതിരോധ മേഖലക്ക് ഡ്രോണുകള്‍ അടക്കം വാങ്ങുന്നതിന് ധാരണയായിരുന്നു. നേരത്തെയും അത്യാധുനിക സൗകര്യങ്ങളുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്നാണ് ഇന്ത്യ വാങ്ങിയത്.


