നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്;സഭയിലെത്താൻ ബിജെപി എംപിമാര്‍ക്ക് വിപ്പ്

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ മറുപടി നല്‍കും. ലോക്സഭയിലെ എല്ലാ ബിജെപി എംപിമാർക്കും സഭയില്‍ എത്താൻ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. ദില്ലി കോടതിയുടെ അനുമതിയോടെ പൊലീസ് സംരക്ഷണയിലാണ് സഞ്ജയ് സിംഗ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. അതേസമയം വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്. ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. വ്യാഴാഴ്ച ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. തുടർന്ന് ലോക്‌സഭയിലും രാജ്യസഭയിലും നന്ദിപ്രമേയ ചർച്ച നടന്നു. നന്ദിപ്രമേയ ചർച്ചയിൽ പല എംപിമാരും വിട്ടുനിന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്ന ദിവസം സഭയിൽ ഹാജരാകാൻ ബിജെപി വിപ്പ് നൽകിയത്.

Top