പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടൽ; പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾ നിയന്തിക്കും

ദില്ലി: ഉഭപോക്താവിൽ നിന്നും പണം ഈടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേർപ്പെടുത്താൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോ‌ർട്ട്.

വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താനാണ് നീക്കം. നേരത്തെ സർക്കാർ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തിൽ സ്കില്‍ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിയമന്ത്രണമേർപ്പെടുത്താൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോ‌ർട്ട്. ആഗസ്റ്റിലാണ് ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമം തയാറാക്കാൻ മൂന്നംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചത്.

സ്കിൽ ഗെയിമുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് രജിസ്ട്രേഷനും പരാതി പരിഹാര സെല്ലും അടക്കം ഏർപ്പെടുത്തി നിയന്ത്രിക്കാനായിരുന്നു സമിതിയുടെ ശുപാർശ. ഭാഗ്യപരീക്ഷണ ഗെയിമുകൾ നിരോധിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാറുകൾക്കാണ് നിലവിൽ അധികാരം. നിരവധി ഭാഗ്യപരീക്ഷണ ഗെയിമുകൾ ഇതിനോടകം സംസ്ഥാനങ്ങളില് നിരോധിച്ചിട്ടുണ്ട്. യുവാക്കൾ ഓണ്‍ലൈന്‍ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് ഇപ്പോഴത്തെ നിയന്ത്രണ നീക്കം. അതേസമയം കസിനോകൾക്കും ഓൺലൈൻ ഗെയിമുകൾക്കും ജിഎസ്ടി ഏർപ്പെടുത്തുന്നത് ധനമന്ത്രാലയ്തത്തിന്‍റെ സജീവ പരിഗണനയിലുണ്ട്.

തമിഴ്നാട്ടിൽ കഴിഞ്ഞ മാസം ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നിരുന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചതോടെയാണ് നിയമം പ്രാബല്യത്തിലായത്. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി.

Top