പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരണ്ടി; തൃശ്ശൂരിലെ മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് തൃശ്ശൂര്‍ അതിരൂപത മുഖപത്രം

തൃശ്ശൂര്‍: തൃശ്ശൂരില്‍ വച്ച് നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് തൃശ്ശൂര്‍ അതിരൂപത മുഖപത്രം. മണിപ്പൂരിന്റെ വേദനയ്ക്ക് പരിഹാരം കാണാതെ തൃശൂരില്‍ വന്ന് വികസനങ്ങളുടെ ഗ്യാരണ്ടി പ്രസംഗിച്ചെന്നാണ് വിമര്‍ശനം. കത്തോലിക്കാ സഭ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് ‘മോദി ഗ്യാരണ്ടി’ എന്ന തലക്കെട്ടിലാണ് ലേഖനം.

കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ഒരേ ഒരു ലക്ഷ്യത്തോടെ പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുന്നു. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരണ്ടി. കുക്കി വംശജരായ ക്രൈസ്തവരെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നതിനെ വിസ്മരിച്ചാണ് വലിയ ഉറപ്പു കളുമായി പ്രധാനമന്ത്രി എത്തിയത്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന മോദിയുടെ ഗ്യാരണ്ടിയെക്കുറിച്ച് ഒരു ബിജെ പിക്കാരനും മിണ്ടുന്നില്ലെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.

തൃശ്ശൂരിലെ മോദിയുടെ പ്രസംഗം ഇങ്ങനെ:

ലോക്സഭാ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ഓരോ വോട്ടറിലേക്കും നിങ്ങള്‍ എത്തണം. ദേശ സുരക്ഷക്കായി ബിജെപി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കണം. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചരിത്രം അഴിമതിയുടേതെന്ന് ജനങ്ങളോട് പറയണം. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബൂത്തുകളില്‍ കഠിനപ്രയത്നം നടത്തണം. 10 വര്‍ഷം മുന്‍പ് ഭരിച്ചത് ദുര്‍ബല സര്‍ക്കാരായിരുന്നുവെന്ന് ജനങ്ങളോട് പറയണം. ഇന്ന് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് മികച്ച ബന്ധം. എല്ലാ ഗുണഭോക്താക്കളെയും പോയി കാണണം. എല്ലാ ജനങ്ങളെയും വികസിത ഭാരതത്തിന്റെ ഭാഗമാക്കണം. അവരെ മോദിയുടെ ഗ്യാരണ്ടി വണ്ടിയുടെ അരികിലെത്തിക്കണം.

മോദിയുടെ ഗ്യാരണ്ടി എന്നാല്‍ എല്ലാ ഗ്യാരണ്ടിയും നടപ്പിലാക്കുമെന്ന ഗ്യാരണ്ടിയാണ്. എല്ലാ പ്രവര്‍ത്തകരും അവരുടെ ബൂത്തിലെ വിജയം ഉറപ്പാക്കണം. എല്ലാ ബൂത്തിലും ജയിച്ചാല്‍ കേരളത്തിലും ജയിക്കാം. എല്ലാ ബൂത്തുകളിലും കഠിനപ്രയത്നം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച ശേഷമായിരുന്നു മറൈന്‍ഡ്രൈവിലെ പരിപാടി.

Top