ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കമിടും. ആദ്യ ദിവസം മൂന്നു ലക്ഷത്തോളം പേര്‍ക്ക് വാക്സിന് ലഭ്യമാക്കുമെന്നു നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ പറഞ്ഞു.
ചില വാക്സിന് കേന്ദ്രങ്ങളില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തും. ശനിയാഴ്ച 3,000 കേന്ദ്രങ്ങളിലാണു വാക്സിനേഷനു തുടക്കമാകുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാവും വാക്സിന് നല്‍കുക. പിന്നീട് കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരവും അതിലേറെയുമാകും.
മാസങ്ങള്‍ക്കുള്ളില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന് ലഭ്യമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. പിന്നീട് 50 വയസിനു മുകളില്‍ പ്രായമുള്ള 27 കോടി ആളുകള്‍ക്കു നല്‍കും.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിനുമാണ് ആദ്യഘട്ടത്തില്‍ 12 നഗരങ്ങളില്‍ എത്തിച്ചിരിക്കുന്നത്. 110 ലക്ഷം കോവിഷീല്‍ഡ് ഒരു ഡോസിന് 200 രൂപയ്ക്കാണു സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. 55 ലക്ഷം കോവാക്സിന് ഡോസും വാങ്ങിയിട്ടുണ്ട്.