രാജസ്ഥാനിലെ ജനങ്ങളെ കബളിപ്പിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്; വിമര്‍ശനവുമായി പ്രധാനമന്ത്രി

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ 7,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജസ്ഥാനിലെ ജനങ്ങളെ കബളിപ്പിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സര്‍ക്കാര്‍ വന്‍ പരാജയമായി മാറി. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാന്‍ നോക്കുമ്പോള്‍, പകുതി കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ പുറത്താക്കാന്‍ സജീവമായി ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ കൊള്ളയടിച്ച് തകര്‍ത്തു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല. ക്രൈം ലിസ്റ്റില്‍ രാജസ്ഥാന്‍ ഒന്നാമതെത്തിയത് തന്നെ വേദനിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം കേസുകള്‍ രാജസ്ഥാനില്‍ നിന്നാണ്, ഇതിനാണോ നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്-മോദി ചോദിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി അശോക് ഗെഹ്ലോട്ടിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചത്. രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്റെ പദ്ധതികള്‍ ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതും ഇക്കാരണത്താലാണ്. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പരസ്യമായി അംഗീകരിച്ചതിന് ഗെഹ്ലോട്ടിന് നന്ദി പറയുന്നു. ഒരു പദ്ധതിയും മുടങ്ങില്ല, കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കുന്നു. ഇത് മോദിയുടെ വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

Top